സൗദിയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷൂറൻസിൽ ഇളവ്

റിയാദ് : സൗദിയിൽ ഗതാഗത നിയമങ്ങൾ പാലിക്കുകയും അപകടം ഒഴിവാക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്ക് വാഹന ഇൻഷൂറൻസ് പോളിസിയിൽ ഇളവ് നൽകും. സൗദി അറേബ്യൻ മോണിട്ടറി ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച നിർദ്ദേശം ഇൻഷൂറൻസ് കന്പനികൾക്ക് നൽകിക്കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ മുഴുവൻ വാഹനങ്ങളും ഇൻഷൂറൻസ് പരിരക്ഷയുളളതാക്കുന്നതിന് സൗദി അറേബ്യൻ മോണിട്ടറി ഏജൻസിയും ട്രാഫിക് ഡയറക്ടറേറ്റും കരാർ ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇൻഷൂറൻസ് പോളിസി നിരക്കിൽ ഇളവ് അനുവദിക്കുന്നത്.
സൂക്ഷ്മതയോടെ വാഹനം ഓടിക്കുന്ന മികച്ച ഡ്രൈവർമാർക്ക് നിലവിൽ ഇൻഷൂറൻസ് പോളിസിയിൽ ഇളവ് അനുവദിക്കുന്നുണ്ട്. ഇത് അടുത്ത വർഷം ജൂൺ വരെ നീട്ടി നൽകാൻ കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിട്ടറി ഏജൻസി ഇൻഷൂറൻസ് കന്പനികളോട് ആവശ്യപ്പെട്ടു. ഇത് പ്രകാരം ഒരു വർഷം ഇൻഷൂറൻസ് ക്ലൈം ചെയ്യാത്ത പോളിസി ഉടമകൾക്ക് 15 ശതമാനം നിരക്ക് ഇളവു ലഭിക്കും. രണ്ട് വർഷം ക്ലൈം ചെയ്യാത്തവർക്ക് 25 ശതമാനവും മന്നു വർഷം അപകടം വരുത്താത്തവർക്ക് 30 ശതമാനവും ഇളവ് ലഭിക്കും. ഇതിന് പുറമേ ഒരേ കന്പനിയുടെ ഇൻഷൂറൻസ് പോളിസി തുടരുന്നവർക്ക് 10 ശതമാനം അധിക ഇവളും അനുവദിക്കും.
പുതിയ വാഹനങ്ങൾ, ഇൻഷൂറൻസ് പോളിസി എടുക്കാത്തവർ, പോളിസി കാലാവധി കഴിഞ്ഞവർ എന്നിവരെ ഇൻഷൂറൻസ് പോളിസി എടുക്കാൻ പ്രേരിപ്പിക്കുന്നതിനാണ് 15 ശതമാനം ഇളവ് നൽകുന്ന പദ്ധതി ആവിഷ്കരിച്ചത്.
ഇൻഷൂറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്ക് ഗതാഗത വകുപ്പ് പിഴ ചുമത്തും.