സൗദിയിൽ തീവ്രവാദത്തിന് ധനസഹായം തടയൽ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

റിയാദ് : രാജ്യത്ത് തീവ്രവാദത്തിന് ധനസഹായം തടയൽ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ യമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭ യോഗമാണ് നിയമത്തിന് അംഗീകാരം നൽകിയത്.
തീവ്രവാദ കുറ്റകൃത്യങ്ങൾ തടയുക, തീവ്രവാദത്തിന് ധനസഹായം തടയുക എന്നിവ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സുഊദ് സമർപ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നുവെന്ന് സാംസ്കാരിക, വാർത്താവിനിമയ മന്ത്രി ഡോ. അവ്വാദ് അൽഅവ്വാദ് വിശദീകരിച്ചു. ഈ വകുപ്പിൽപെട്ട പതിനൊന്ന് യമൻ പൗരന്മാരെയും രണ്ട് സ്ഥാപനങ്ങളെയും കഴിഞ്ഞ ദിവസം സൗദി ആഭ്യന്തര മന്ത്രാലയം കരിന്പട്ടികയിൽ ഉൾപ്പെടുത്തിയതും മന്ത്രിസഭ ശരിവെച്ചു. തീവ്രവാദത്തെ ചെറുക്കുന്നതിൽ സൗദി എന്നും മുന്‍നിരയിലുണ്ടാവുമെന്ന് മന്ത്രിസഭ ആവർത്തിച്ചു.
ഇറാഖ്−സൗദി അതിർത്തി നഗരമായ അറാറിൽ പുതിയ കവാടം തുറക്കാനും മന്ത്രിസഭ അംഗീകാരം നൽകി. ഇറാഖുമായി കഴിഞ്ഞ ദിവസമുണ്ടായ സഹകരണ കരാറിന്റെയും വിമാന സർവീസ് പുനരാരംഭിച്ചതിന്റെയും തുടർച്ച എന്ന നിലക്കാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ കരമാർഗമുള്ള സഞ്ചാരം സുഗമമാക്കുന്നതിന് പുതിയ കവാടം തുറക്കുന്നത്. ഇരു രാജ്യങ്ങൾക്കിടയിൽ വാണിജ്യ, വ്യവസായ ബന്ധം ശക്തിപ്പെടാനും പുതിയ കവാടം ഉപകരിക്കും.