ഐഎസ് വേട്ടക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു

റിയാദ്: സഊദിയില്‍ സുരക്ഷാ സേന നടത്തിയ റെയ്ഡിനിടെ ഉണ്ടായ ആക്രമണത്തില്‍ ഐ എസ് ഭീകരന്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയായ റിയാദില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. മറ്റൊരു ഐ എസ് തീവ്രവാദിയെ പിടികൂടിയതായും സഊദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ചൊവാഴ്ച വൈകീട്ട് പട്രോളിംഗ് സംഘത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ റിയാദിലെ അല്‍റയാനില്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. തിരച്ചിലില്‍ ആയുധവുമായി കണ്ടെത്തിയ മറ്റൊരാളെ സുരക്ഷാ സേന പിടികൂടുകയും ചെയ്തു.
അതിനിടെ, ഇന്നലെ വൈകീട്ട് കിഴക്കന്‍ പ്രവിശ്യയിലെ ശീഈ പ്രദേശമായ ഖത്വീഫില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു സുരക്ഷാ സേനാംഗം കൊല്ലപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്വീഫിലെ താറൂത്ത് ദ്വീപിലെ പഴയ പൊലിസ് സ്റ്റേഷനില്‍ നിന്നും കാറില്‍ കയറുമ്പോള്‍ പിന്നിലെത്തിയ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിക്കുന്നു. മൂസാ ദഖൈല്‍ അല്‍ ശറാറിയാണ് കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നേരത്തെയും ഖത്വീഫില്‍ സമാനമായ പല സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്്. ആഭ്യന്തര മന്ത്രാലയം ആന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.