സൗദിയിലെ തീപിടുത്തം : മരിച്ചവരിൽ കോട്ടയം, തൃശൂർ സ്വദേശികൾ

റിയാദ് : സൗദിയിലെ ജുബൈലിൽ പെട്രോകെമിക്കൽ ഫാക്‌ടറിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. കോട്ടയം ഞീഴൂരിൽ താമസിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി ബെന്നി വർഗീസ് (42), തൃശൂർ എരുമപ്പെട്ടി സ്വദേശി ലിജോൺ ലാസർ (34) എന്നിവരാണു മരിച്ച മലയാളികൾ. മരിച്ചവരിൽ ഇവരടക്കം പത്തുപേർ ഇന്ത്യക്കാരാണ്.
അഞ്ചുപേർ മംഗളൂരു സ്വദേശികളും രണ്ടുപേർ യുപി സ്വദേശികളും ഒരാൾ ബിഹാർ സ്വദേശിയുമാണ്. മൂന്നു ഫിലിപ്പീൻസുകാരും മരിച്ചു. കാസർകോട് മഞ്ചേശ്വരം സ്വദേശി ധീരജ് ഉൾപ്പെടെ ആറുപേർക്കു പരുക്കേറ്റു.
ഞീഴൂർ വാക്കാട് സിഎസ്‌ഐ പള്ളിക്കുസമീപം താമസിക്കുന്ന ചന്ദ്രത്തിൽ ബെന്നി വർഗീസ് അഞ്ചുവർഷമായി സൗദിയിലാണ്. ഭാര്യ ലീന. മക്കൾ: സോന, അഭിജിത്ത്. എരുമപ്പെട്ടി പതിയാരം മുരിങ്ങാത്തേരി വീട്ടിൽ ലിജോൺ ലാസർ പത്തുവർഷമായി സൗദിയിലാണ്. മൂന്നുമാസം മുൻപ് ഇളയ മകന്റെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലെത്തിയിരുന്നു. ഭാര്യ സിൽജ. മക്കൾ: ക്രിസ്റ്റോ, ലിസ്‌വിൻ.
ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ യുണൈറ്റഡ് പെട്രോകെമിക്കൽ പ്ലാന്റിൽ അറ്റകുറ്റപ്പണിക്കിടെ ശനിയാഴ്‌ച പകൽ 11.40ന് ആയിരുന്നു അഗ്നിബാധ. ആൾനൂഴിയിലൂടെ ഇറങ്ങിയ ടെക്നീഷ്യൻമാർക്ക് അപകടസമയത്തു പെട്ടെന്നു തിരികെ കയറാൻ കഴിഞ്ഞില്ലത്രേ. ഉടൻ തീയണച്ചെങ്കിലും കനത്ത പുകമൂലം ശ്വാസംമുട്ടിയായിരുന്നു മരണം. മൃതദേഹങ്ങൾ അൽമനാ, റോയൽ കമ്മിഷൻ, മവാസത്ത് ആശുപത്രി മോർച്ചറികളിൽ.