പതിനാറുകാരിയെ പീഡിപ്പിച്ചത് 113 പേര്‍

പുനെ: ജോലി വാഗ്ദാനം ചെയ്തു കൊണ്ടുവന്നു രണ്ടുവർഷം തടങ്കലിൽ പാർപ്പിച്ചു പതിനാറുകാരിയെ 113 പേർക്കു കാഴ്ചവച്ചു. കേരളത്തിൽ പ്രമാദമായ സൂര്യനെല്ലി ലൈംഗികപീഡനക്കേസിനു സമാനമായ സംഭവം പുനെയിലാണ് റിപ്പോർട്ട് ചെയ്തത്. ബംഗാളിൽനിന്നു പുനെയിലേക്കു കൊണ്ടുവന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. പെൺകുട്ടിയെ കാഴ്ചവച്ച ഇരുപത്താറുകാരിയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസുകാർ അടക്കമുള്ളവരാണ് തന്നെ പീഡിപ്പിച്ചതെന്നു പെൺകുട്ടി പൊലീസിനോടു പറഞ്ഞു. തടങ്കലിൽനിന്നു തന്ത്രപരമായി ദില്ലിയിലേക്കു രക്ഷപ്പെട്ട പെൺകുട്ടി പരാതി നൽകുകയായിരുന്നു. മോഡലിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കഴിഞ്ഞദിവസം നാലുപേർ അറസ്റ്റിലായിരുന്നു. പതിനാറുകാരിയെ പീഡിപ്പിച്ച കേസിലും ഇവർക്കു പങ്കുള്ളതായാണു സൂചന. സ്വികൃതി ഖറേൽ, രോഹിത് ഭണ്ഡാരി, ഹരിഷാ ശാഹ, തപേന്ദ്ര സാഹി, രമേഷ് ഠാകുള എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും നേപ്പാൾ സ്വദേശികളാണ്. സ്വീകൃതി ഖറേലാണ് അറസ്റ്റിലായ വനിത.
നേപ്പാൾ അതിർത്തിയിലുള്ള സിലിഗുഡി സ്വദേശിയാണു പെൺകുട്ടി. പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു പോയതാണ്. തുടർന്നു മാതാവിന് മാനസികനില തെറ്റി. മുത്തശി നടത്തിയിരുന്ന ചായക്കടയിൽ സ്ഥിരമായി വന്നിരുന്ന രോഹിത് ഭണ്ഡാരിയാണ് പെൺകുട്ടിയെ ബ്യൂട്ടി പാർലറിൽ ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞു പൂനെയിലേക്കു കൊണ്ടുവന്നത്. 2014 ജനുവരിയിലായിരുന്നു ഇത്. കുറച്ചു ദിവസങ്ങൾക്കു ശേഷം പെൺകുട്ടിയെ കാഴ്ചവയ്ക്കാൻ തുടങ്ങുകയായിരുന്നു. ആദ്യം എതിർത്ത പെൺകുട്ടിയെ രോഹിത് ബലാത്സംഗം ചെയ്യുകയും മയക്കുമരുന്നു കുത്തിവച്ചു പലർക്കുമായി കാഴ്ചവയ്ക്കുകയുമായിരുന്നു. പുനെയിലെ വിവിധ ഇടങ്ങളിൽ മാറ്റി മാറ്റി പാർപ്പിച്ചായിരുന്നു പീഡനം. ഹൈദരാബാദ്, അഹമ്മദാബാദ്, ഭോപാൽ എന്നിവിടങ്ങളിലും പെൺകുട്ടിയെ പലർക്കും കാഴ്ചവച്ചു.
പല തവണ ഗർഭഛിദ്രത്തിനു വിധേയമാക്കിയതായും യുവതി പരാതിയിൽ പറയുന്നു. എതിർക്കുമ്പോൾ മർദിച്ചവശയാക്കുകയായിരുന്നു. പുനെയിലെ ഒരു ഫ്‌ളാറ്റിൽ താമസിക്കുമ്പോൾ ദില്ലി സ്വദേശിയായ ഒരു മോഡലിന്റെ ഒപ്പം തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. ഈ മോഡലിനെയും സംഘം പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. കീഴടങ്ങാതായപ്പോൾ ശരീരമാസകലം സിഗരറ്റ് കത്തിച്ചു പൊള്ളിച്ചിരുന്നു. ബ്യൂട്ടി പാർലറിൽ പോകുന്നെന്നു പറഞ്ഞാണ് ഇരുവരും ഫ്‌ളാറ്റിൽനിന്നു രക്ഷപ്പെട്ടത്.