ഖത്തറിന്റെ പുതിയ ജനസംഖ്യാനയം പ്രഖ്യാപിച്ചു

ദോഹ : ഖത്തറിന്റെ പുതിയ ജനസംഖ്യാനയം പ്രഖ്യാപിച്ചു. 2017−2022 വർഷത്തേക്കുള്ള നയം സ്ഥിര ജനസംഖ്യാ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. 2017 ഖത്തറി ജനസംഖ്യാ ദിനാചരണത്തോട് അനുബന്ധിച്ചാണ് ജനസംഖ്യാ നയം പ്രഖ്യാപിച്ചത്. നിരവധി മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ജനസംഖ്യാ വളർച്ചയുടെ ഉയർന്ന നിരക്ക് നിയന്ത്രിക്കുക, ജനസംഖ്യാ ഘടനയുടെ അനുപാതരാഹിത്യം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നയപ്രഖ്യാപനം. ഏറ്റവും ഫലപ്രദമായ തരത്തിൽ ജനസംഖ്യാനയം നടപ്പാക്കുന്നതിനുള്ള മാർഗങ്ങളാണ് ചടങ്ങിൽ പ്രധാനമായും ചർച്ച ചെയ്തത്. ജനസംഖ്യാവർദ്ധന, തൊഴിൽശക്തി, നഗരവളർച്ച എന്നിവയാണ് ചർച്ച ചെയ്തത്.
ജനസംഖ്യാപരമായി രാജ്യത്തിന്റെ ഭാവിക്ക് ഗുണകരമാകുന്ന തരത്തിലാണ് പുതിയ നയം നടപ്പാക്കുന്നത്. മന്ത്രിസഭയുടെ പ്രത്യേക യോഗത്തിൽ അനുമതി ലഭിച്ച ശേഷമാണ് നയപ്രഖ്യാപനം. രണ്ടാമത് ദേശീയ വികസനനയം ഉടൻ പ്രഖ്യാപിക്കുമെന്ന് വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രി ഡോ. സലേഹ് ബിൻ മുഹമ്മദ് അൽ നാബിത് പറഞ്ഞു. ജനസംഖ്യാവളർച്ചയെ തുലനപ്പെടുത്തുകയും സുസ്ഥിര വികസനാവശ്യങ്ങൾ നിറവേറ്റുന്നതുമാണ് പുതിയ നയമെന്ന് തൊഴിൽ മന്ത്രി ഇസ്സ ബിൻ സാദ് അൽ ജാഫലി അൽനുഐമിയും അഭിപ്രായപ്പെട്ടു.കൂടാതെ മാത്രമല്യ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും അൽനുഐമി പറഞ്ഞു. 2030 ലെ ഖത്തർ ദേശീയ ദർശന രേഖയുടെ ലക്ഷ്യങ്ങളിലൊന്നായ വിവരാധിഷ്ടിത സന്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുവെയ്പും തൊഴിൽ വിപണിയിൽ കൂടുതൽ വൈദഗ്ധ്യവും ഉൽപാദനക്ഷമതയുമുള്ള തൊഴിലാളികളെയും പുതിയ നയം ലക്ഷ്യമിടുന്നുണ്ട്.