ഖത്തറും ശ്രീലങ്കയും നിരവധി കരാറുകളിൽ ഒപ്പിട്ടു

ദോഹ : ഖത്തറും ശ്രീലങ്കയും നിരവധി കരാറുകളിൽ ഒപ്പിട്ടു. ദോഹ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ പ്രസിഡണ്ടിന് ഊഷ്മള സ്വീകരണമാണ് ഖത്തർ നൽകിയത്. തുടർന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും ശ്രീലങ്കൻ പ്രസിഡണ്ട് മൈത്രിപാല സിരിസേനയും അമീരി ദിവാനിൽ വളരെയധികം നേരം നടന്ന കൂടിക്കാഴ്ചയിൽ വ്യത്യസ്ത മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും നിരവധി മേഖലാ, അന്താരാഷ്ട്ര വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. അമീരി ദിവാനിൽ ശ്രീലങ്കൻ പ്രസിഡണ്ടിനും പ്രതിനിധി സംഘത്തിനുമായി അമീർ ഉച്ചവിരുന്നും ഒരുക്കിയിരുന്നു.
ചർച്ചയ്ക്കുശേഷം ഇരുരാജ്യങ്ങളും തമ്മിൽ നിരവധി സഹകരണ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ നയതന്ത്ര, ഗവേഷണ പരിശീലനം സംബന്ധിച്ച സഹകരണ കരാറിലും ഒപ്പുവെച്ചു. നയതന്ത്ര, സ്വകാര്യ ഔദ്യോഗിക പാസ്‌പോർട്ടുള്ളവരുടെ വിസ സംബന്ധിച്ചുള്ള ധാരണാപത്രം, ഊർജം, സ്വീവേജ് എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ ധാരണാപത്രങ്ങളിലും ഖത്തർ ഫിനാൻഷ്യൽ ഇൻഫർമേഷൻ യൂണിറ്റും ശ്രീലങ്കൻ യൂണിറ്റും തമ്മിൽ സാന്പത്തിക അന്വേഷണ കാര്യങ്ങളുടെ കൈമാറ്റം സംബന്ധിച്ചും ധാരണാപത്രം ഒപ്പിട്ടു.
ശ്രീലങ്കയിൽ വരൾച്ച നേരിടുന്ന പ്രദേശത്തെ ജനങ്ങൾക്ക് അടിയന്തരസഹായം നൽകാനായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റും ശ്രീലങ്കയും തമ്മിൽ കരാർ ഒപ്പുവെച്ചു. ചടങ്ങിൽ നിരവധി മന്ത്രിമാരും സന്നിഹിതരായി.