ഒമാനിൽ ഇനി അതിവേഗ കുതിപ്പ് ; മസ്കറ്റ് മെട്രോ വരുന്നു

ഒമാന്റെ ഗതാഗത മേഖലയില്‍ ഇനി അതിവേഗ കുതിപ്പ്. പൊതു ഗതാഗത രംഗത്ത് വ്യത്യസ്ത പദ്ധതികള്‍ക്ക് തുടക്കമിടുന്നതായി ഗതാഗത, വാര്‍ത്താ വിനിമയ, വിവരണ മന്ത്രാലയം പ്രഖ്യാപിച്ചു. മസ്‌കത്തില്‍ മെട്രോ ലൈന്‍, ജല ടാക്‌സികള്‍, മസീറയില്‍ പാലം, റയില്‍ പദ്ധതി തുടങ്ങിയവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്വലി പറഞ്ഞു. മസ്‌കത്തില്‍ മെട്രോ പദ്ധതിക്കായി പഠനം നടക്കുന്നുണ്ട്. പദ്ധതി ഒരുക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. മെട്രോ പഠനത്തിനായി രൂപവത്കരിച്ച കമ്മിറ്റിയില്‍ വിദഗ്ധര്‍ക്കൊപ്പം ബന്ധപ്പെട്ട വിഭാഗങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെട്ടിട്ടുണ്ട്. സാധ്യതാ പഠനങ്ങള്‍ക്ക് ശേഷം അന്തിമ റിപ്പോര്‍ട്ട് പരിശോധിച്ച് പദ്ധതിക്ക് രൂപകല്‍പന നല്‍കുന്നതിനെ കുറിച്ച് ആലോചിക്കും. ട്രെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സജീവ പരഗണനയിലാണെന്നും മന്ത്രി പറഞ്ഞു. വാട്ടര്‍ ടാക്‌സികള്‍ അവതരിപ്പിക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. മസ്‌കത്ത്, മുസന്ദം ഉള്‍പ്പെടെ വാട്ടര്‍ ടാക്‌സി സര്‍വിസിന് കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പദ്ധതിക്കായി തിരഞ്ഞെടുക്കും.രൂപരേഖ തയാറായിക്കഴിഞ്ഞാല്‍ ടെന്‍ഡര്‍ പുറപ്പെടുവിക്കുമെന്നും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അറിയിച്ചു.