ഒമാനിൽ തൊഴിലവസരങ്ങൾ വർദ്ധിച്ചതായി സ്ഥിതിവിവര മന്ത്രാലയം

മസ്ക്കറ്റ് : ആഗോള വിപണിയിൽ എണ്ണവിലയിടിവ് അനുഭവപ്പെട്ടപ്പോഴും ഒമാനിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ അഞ്ചുലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഉണ്ടായതായി ദേശീയ സ്ഥിതിവിവര മന്ത്രാലയം. സ്വദേശികളോടൊപ്പം ധാരാളം വിദേശികൾക്കും ഈ കാലയളവിൽ തൊഴിൽ ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സർക്കാർ സാന്പത്തികരംഗത്ത് കൂടുതൽ വൈവിധ്യവത്കരണം നടപ്പാക്കിയത് നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു.
തൊഴിലാളികളിൽ കൂടുതൽ പേരും വിദേശികളാണെങ്കിലും സ്വദേശിവൽക്കരണ നടപടികൾ ശക്തമാക്കിയതോടെ സ്വദേശികളും നിരവധി തസ്തികകകളിൽ നിയമിതരായിട്ടുണ്ട്. സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികൾ നിയമിതരായതും ഈ കാലയളവിലാണ്.
ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2016−ൽ ഒമാനിലെ തൊഴിലാളികളുടെ എണ്ണം 22,55,000 ആയി ഉയർന്നിട്ടുണ്ട്. 2012−ൽ ഇത് 16,80,000 ആയിരുന്നു. നാല് വർഷത്തിനിടെ 5,75,000 പേരുടെ വർദ്ധന രണ്ട് മേഖലകളുമായി ഉണ്ടായിട്ടുണ്ട്. സാന്പത്തിക മേഖലയിൽ വൈവിധ്യവൽക്കരണം കൊണ്ടുവന്ന് വരുമാനം വർദ്ധിപ്പിച്ചതും രാജ്യത്ത് തൊഴിൽ അവസരങ്ങൾ കൂടാൻ സഹായകമായി.
ഇതിനുപുറമെ പുതിയ 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മന്ത്രിസഭാ കൗൺസിൽ തീരുമാനിക്കുകയും ഈ മാസം ഇതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിക്കുകയും ചെയ്തു. 2012−2016 കാലയളവിൽ സ്വകാര്യ സ്ഥാപനങ്ങളിൽ 2,33,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടപ്പോൾ സർക്കാർ മേഖലയിൽ 39,235 നിയമനങ്ങൾ നടന്നു.