എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയ്ക്ക് ആദരവർപ്പിച്ച് ഗൂഗിൾ ഡൂഡിൽ
എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജുങ്കോ താബെയുടെ എൺപതാം പിറന്നാൾ ദിനത്തിൽ ആദരവർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. 1975 മെയ് 16-നാണ് ജുങ്കോ എവറസ്റ്റ് കീഴടക്കുന്നത്. എവറസ്റ്റ് കീഴടക്കുന്ന 36-ാമത്തെ വ്യക്തിയായിരുന്നു ജുങ്കോ. ആദ്യമായി ഏഴ് കൊടുമുടികൾ കീഴടക്കിയ വനിതയും ജുങ്കോയായിരുന്നു. 1992-ലാണ് ജുങ്കോ ആ നേട്ടം കരസ്ഥമാക്കിയത്.
1939-ൽ ജപ്പാൻ ഫുകുഷിമയിലെ മിഹാരു എന്ന ചെറിയ പട്ടണത്തിലാണ് ജുങ്കോയുടെ ജനനം. പത്താമത്തെ വയസ്സിലാണ് ജുങ്കോയുടെ ആദ്യ പർവതാരോഹണം. സ്കൂളിൽ നിന്ന് നാസുപർവത നിരകളിലേക്ക് നടത്തിയ ഒരു യാത്രയിൽ അധ്യാപികയുടെ സഹായത്തോടെ കൊച്ചു ജുങ്കോ നാസുവിനെ കീഴടക്കി. അതോടെ പർവതാരോഹണം ഒരു ഹരമായി. ബിരുദ പഠന സമയത്ത് തന്നെ ഷോവ വിമൻസ് സർവകലാശാലയിലെ പർവതാരോഹക ക്ലബിൽ അംഗമായിരുന്ന അവർ 1969-ൽ വനിതകൾക്കായി ഒരു പർവതാരോഹ ക്ലബ് സ്ഥാപിച്ചു.
1972-ഓടെ ജപ്പാനിലെ മികച്ച പർവതാരോഹക എന്ന പേര് ജുങ്കോ സ്വന്തമാക്കി. തുടർന്ന് എവറസ്റ്റ് എന്ന ലക്ഷ്യം മുന്നിൽ കണ്ട് പ്രയാണം ആരംഭിച്ചു. വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എവറസ്റ്റിലേക്കുള്ള യാത്ര. 15 പർവതാരോഹകർക്കും 6 ഷെർപ്പകൾക്കുമൊപ്പമാണ് അവർ എവറസ്റ്റിലേക്കുള്ള യാത്ര തുടങ്ങിയത്. 6500 അടി ഉയരത്തിലായിരുന്നു ഇവരുടെ ആദ്യ ക്യാമ്പ്. ഒരു ഹിമപാതത്തിൽ ഒരിക്കൽ ഇവരുടെ ടെന്റുകൾ ഒലിച്ചുപോയി. മൂന്നുദിവസത്തിന് ശേഷം വീണ്ടും മലകയറ്റം പുനരാരംഭിച്ച ജുങ്കോ മെയ് 16-ന് എവറസ്റ്റ് കൊടുമുടി കീഴടക്കി.
ഒരു പർവതാരോഹണത്തിനിടയിലാണ് മസനോബു തബെയിയെ ജുങ്കോ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് വിവാഹത്തിലെത്തി. ഇവർക്ക് രണ്ടുമക്കളാണ്. 2016 ഒക്ടോബറിൽ ജുങ്കോ അന്തരിച്ചു. 'ഒരിക്കലും പിൻവാങ്ങരുത് നിങ്ങളുടെ അന്വേഷണങ്ങളുമായി മുന്നോട്ട് കുതിയ്ക്കുക..'അതായിരുന്നു ജുങ്കോയുടെ സന്ദേശം

