ഈ വിജയം അമ്മയ്ക്കും മകള്‍ക്കും
ഈ വിജയം ഒരു മകൾ അമ്മയ്ക്കു നൽകിയ സമ്മാനമാണ്; മകൾക്കായി ജീവിതം മാറ്റിവച്ച ഒരമ്മയ്ക്ക്. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടുന്നത് ഇക്കാലത്ത് വലിയൊരു കാര്യമല്ല. പക്ഷേ, മറ്റുള്ളവരുടെ നേട്ടം പോലെയല്ല ദേവികയുടേത്. മറ്റുള്ളവർ കൈകൊണ്ട് എത്തിപ്പിടിച്ച നേട്ടം ദേവിക സ്വന്തമാക്കിയത് കാലുകൊണ്ടാണ്. അവർ കൈകൊണ്ടെഴുതുന്ന അതേ വേഗത്തിൽ ദേവിക കാലുകൊണ്ടെഴുതി. ശാരീരിക പരിമിതി നേരിടുന്നവർക്ക് പരീക്ഷയ്ക്ക് മറ്റൊരാളെക്കൊണ്ടു പരീക്ഷ എഴുതിക്കാമെന്നിരിക്കെ പത്താംക്ലാസിലെത്തിയപ്പോൾ ദേവികയുടെ ആദ്യതീരുമാനം എസ്എസ്എൽസി പരീക്ഷ സ്വയമെഴുതുമെന്നായിരുന്നു.
ആ തീരുമാനത്തിന്റെ അംഗീകാരമാണ് അവളുടെ വീട്ടിലെ പുതിയ അലമാരയിൽ നിറയുന്ന പുരസ്കാരങ്ങൾ. പ്രതിസന്ധിയെ അതിജീവിച്ചു നേടിയ ജയം എന്നാണ് എല്ലാവരും പറയുക. പക്ഷേ, ദേവിക അതിനോടു വിയോജിക്കും. കൈകളില്ലാതെ ജനിച്ചത് ഒരു പ്രതിസന്ധിയായി അവൾ കാണുന്നില്ല– ‘‘കഠിനപ്രയത്നം കൊണ്ടു നേടിയ വിജയം. അങ്ങനെ പറയുന്നതാണെനിക്കിഷ്ടം’’.എന്നാണ് ദേവികയുടെ ഭാഷ്യം. ഇപ്പോൾ വള്ളിക്കുന്ന് സിബിഎച്ച്എസ്എസിൽ പ്ലസ് വണ്ണിന് ഹ്യുമാനിറ്റീസിൽ ചേർന്നിരിക്കുന്നു. സിവിൽ സർവീസാണ് ദേവികയുടെ ലക്ഷ്യം.

