ഇന്ത്യ മുന്നണിയുടെ ചെയർമാൻ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തു

വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസ് ദേശീയധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമടക്കമുള്ള വിഷയങ്ങളിൽ വെർച്വലായി ഇന്നുചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഈ സ്ഥാനത്തിലേക്ക് സാധ്യത കല്പിച്ചിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്ന് ആരെങ്കിലും ചുമതലയേൽക്കണമെന്ന് ഇന്നത്തെ യോഗത്തിൽ നിതീഷ് തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം, കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ നിതീഷ് വിസമ്മതിച്ചു. പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി യോഗത്തിൽ നിന്നു വിട്ടുനിന്നു. നിതീഷ് കുമാറിനെ കൺവീനറാക്കുന്നതിൽ മമത നേരത്തെ വിയോജിപ്പ് അറിയിച്ചിരുന്നു. ആംആദ്മി പാർട്ടിക്കും ഇതേ നിലപാടാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് കൺവീനർ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന നിലപാട് നിതീഷ് മുന്നോട്ടുവച്ചത്. അതേസമയം, അദ്ദേഹത്തെ കൺവീനറാക്കണമെന്ന് ജെഡി−യു നേതാക്കൾ പ്രതികരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും സീറ്റ് ചർച്ചകൾക്കും മുന്നോടിയായി സഖ്യത്തിന് ചെയർമാനെയും കൺവീനറെയും തെരഞ്ഞെടുക്കേണ്ടിയിരുന്നു.
dszfdsf