മെഷീൻ തകരാർ; വോട്ട് ചെയ്യാതെ മടങ്ങി മിസോറാം മുഖ്യമന്ത്രി സോറാംതംഗ

ഐസ്വാൾ: മിസോറാമിൽ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ വോട്ട് ചെയ്യാനാകാതെ മടങ്ങി മുഖ്യമന്ത്രി സോറാംതംഗ. വോട്ട് ചെയ്യാനായി ബൂത്തിലെത്തിയ മുഖ്യമന്ത്രിക്ക് നിരാശനായി മടങ്ങേണ്ടി വന്നു. വോട്ടിംഗ് മെഷീനിൽ തകരാർ വന്നതോടെയാണ് സോറാംതംഗയ്ക്ക് വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്നത്. ഐസ്വാൾ നോർത്ത്-II അസംബ്ലി മണ്ഡലത്തിന് കീഴിലുള്ള 19-ഐസ്വാൾ വെംഗ്ലായ്-I വൈഎംഎ ഹാൾ ബൂത്തിലാണ് സോറംതംഗയ്ക്ക് വോട്ടുണ്ടായിരുന്നത്. രാവിലെ തന്നെ മുഖ്യമന്ത്രി വോട്ട് ചെയ്യാൻ ബൂത്തിലെത്തിയിരുന്നു.
'മെഷീൻ പ്രവർത്തിക്കുന്നില്ല. ഒരുപാട് സമയം ഞാൻ കാത്തിരുന്നു. ഞാൻ എന്റെ മണ്ഡലം സന്ദർശിക്കും. രാവിലെയുളള യോഗത്തിന് ശേഷം വോട്ട് രേഖപ്പെടുത്തും,' മിസോ നാഷണൽ ഫ്രണ്ടിന്റെ അദ്ധ്യക്ഷൻ കൂടിയായ സോറാംതംഗ പറഞ്ഞു.
'സർക്കാർ രൂപീകരണത്തിന് 21 സീറ്റ് വേണം. ഞങ്ങൾക്ക് അതിൽ കൂടുതൽ വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു പക്ഷേ 25 ൽ കൂടുതൽ. അതാണ് ഞങ്ങളുടെ പ്രതീക്ഷ. ഞങ്ങൾക്ക് ആശ്വാസകരമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഞാൻ വിശ്വാസിക്കുന്നത്,' സോറാംതംഗ കൂട്ടിച്ചേർത്തു.
മിസോറാമില്‍ 40 നിയമസഭാ സീറ്റുകളിലേക്ക് ആണ് വോട്ടെടുപ്പ്. 8.57 ലക്ഷത്തിലധികം വോട്ടർമാരാണ് മിസോറാമിൽ പോളിങ് ബൂത്തിലേക്കെത്തുന്നത്. 74 പേരാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും പ്രധാന പ്രതിപക്ഷമായ പീപ്പിള്‍ മൂവ്‌മെന്റും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. 600-ലധികം പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷാ കവചമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഭീഷണിയുള്ളതിനാൽ ഡിവിഷനിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 149 പോളിംഗ് സ്റ്റേഷനുകൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കും സുരക്ഷാ ക്യാമ്പുകളിലേക്കും മാറ്റി. മിസോറാമിനെ കൂടാതെ ഇന്ന് ഛത്തീസ്ഗഢിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
XZCCXZXZXZXZC