എൽപിജി സിലിണ്ടറിന് വില കുറയും

ന്യൂഡൽഹി:
ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ച് കേന്ദ്ര സർക്കാർ. 14 കിലോ തൂക്കം വരുന്ന സിലിണ്ടറിന് 200 രൂപ വിലക്കിഴിവ് ആണ് വരുത്തുന്നത്. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഇതോടെ, നിലവിൽ 1,110 രൂപയുള്ള പാചകവാതക സിലിണ്ടറുകളുടെ വില 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇതിന് പുറമെ 200 രൂപ കൂടി ഇളവുണ്ടാകും.
എണ്ണക്കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കി സിലിണ്ടർ വില പിടിച്ചുനിർത്താനാണ് സർക്കാർ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഉജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ എൽപിജി കണക്ഷൻ നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
വിലക്കിഴിവ് പ്രഖ്യാപനം വന്നതിന് പിന്നാലെ, ഈ നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധൻ - ഓണം സമ്മാനമാണെന്ന വാദവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
a