അരുണാചൽ പ്രദേശ് ഉൾപ്പെടുത്തി ഭൂപടം പുറത്തിറക്കി ചൈന

ഡൽഹി:
ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് ഉൾപ്പെടുത്തി ഭൂപടം പുറത്തിറക്കി ചൈന. ജി-20 ഉച്ചകോടി നടക്കാനിരിക്കെയാണ് ചൈന പ്രകോപനവുമായി എത്തുന്നത്. ഇന്നലെയാണ് ഭൂപടം പുറത്തിറക്കിയത്. ചൈനയുടെ പുതിയ മാപ്പിന് എതിരെ ഇന്ത്യ രംഗത്ത് വന്നു.
അരുണാചൽ ദക്ഷിണ ടിബറ്റിന്‍റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. ആഗസ്റ്റ് 28 ന് പുറത്തിറക്കിയ ഭൂപടത്തിലാണ് ദക്ഷിണ ടിബറ്റ് എന്ന് ചൈന അവകാശപ്പെടുന്ന അരുണാചൽ പ്രദേശും ഉൾപ്പെടുത്തിയത്. തിങ്കളാഴ്ച ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിംഗ് കൗണ്ടിയിൽ നടന്ന സർവേയിംഗ് ആന്റ് മാപ്പിംഗ് പബ്ലിസിറ്റി ഡേയുടെയും നാഷണൽ മാപ്പിംഗ് അവയർനസ് പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷ വേളയിലാണ് ഭൂപടം പുറത്തിറക്കിയതെന്ന് ചൈന ഡെയ്‌ലി പത്രം റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയമാണ് ഭൂപടം പുറത്തിറക്കിയത്. ദക്ഷിണ ചൈന കടലും പുതിയ ഭൂപടത്തിൽ ചൈന ഉൾപ്പെടുത്തി. വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങൾക്ക് ദക്ഷിണ ചൈനാ കടൽ പ്രദേശങ്ങളിൽ അവകാശവാദമുണ്ട്. അരുണാചൽ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ ഭാഗമായി നിലനിൽക്കും എന്ന് വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു.
പുതിയ മാപ്പ് ചൈന പ്രസിദ്ധികരിച്ചതിന് പിന്നാലെ സർക്കാരിനെ പ്രതിപക്ഷം വിമർശിച്ചു. ചൈനയിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്താൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് ശിവസേന ഉദ്ദവ് പക്ഷ നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. ലഡാക്കിൽ ചൈന അതിക്രമിച്ചു കയറി എന്ന് രാഹുൽ ഗാന്ധി പറഞ്ഞത് സത്യമാണെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി. ചൈന അരുണാചൽ പ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നു എന്നും റാവത്ത് പറഞ്ഞു.
aa