ഇൻഡ്യ’യിലേക്ക് കൂടുതൽ പാർട്ടികൾ എത്തുമെന്ന് നിതീഷ് കുമാർ

പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യിലേക്ക് കൂടുതൽ രാഷ്ട്രീയ പാർട്ടികൾ എത്തുമെന്ന് ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ. എന്നാൽ ഏതെല്ലാം പാർട്ടികളാണ് എത്തുക എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ‘ഇൻഡ്യ’യുടെ അടുത്ത യോഗത്തിൽ സീറ്റ് വിഭജനം ഉൾപ്പെടെ ചർച്ച ചെയ്യുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ നിർണായക പങ്ക് വഹിച്ച നേതാവാണ് നിതീഷ് കുമാർ. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെയും ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെയും ചില പാർട്ടികൾ സഖ്യത്തിൽ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നാണ് നിതീഷ് കുമാർ പറഞ്ഞത്. ഇവയെല്ലാം പ്രാദേശിക പാർട്ടികളാണെന്നും അദ്ദേഹം വിശദീകരിച്ചു.
‘ഇൻഡ്യ’ സഖ്യത്തിന്‍റെ മുംബൈയിൽ നടക്കുന്ന യോഗത്തിൽ പൊതുതെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യും. സീറ്റ് വിഭജനം ഉൾപ്പെടെ ചർച്ചയാകും. മറ്റു പല അജണ്ടകൾക്കും അന്തിമരൂപം നൽകുമെന്നും നിതീഷ് കുമാർ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പരമാവധി പാർട്ടികളെ ഒന്നിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നു. തനിക്കിതിലൂടെ വ്യക്തിപരമായി ഒന്നും വേണ്ട. മുംബൈയിലെ യോഗത്തിൽ പങ്കെടുക്കുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി. ‘ഇൻഡ്യ’യുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയായിരിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ മുന്നണിയിലെ നേതാക്കളോട് സംസാരിച്ച ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തതെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. ഇന്ത്യ സഖ്യത്തിൽ 26 പാർട്ടികളാണ് നിലവിലുള്ളത്.
ssxgdrxg