സ്വാമി വിവേകാനന്ദനെ കുറിച്ച് വിവാദ പരാമർശം; സന്യാസിക്ക് വിലക്കേർപ്പെടുത്തി ഇസ്കോൺ

സ്വാമി വിവേകാനന്ദനെയും രാമകൃഷ്ണ പരമഹംസനെയും കുറിച്ചുള്ള പരാമർശം വിവാദമായതിനെത്തുടർന്ന് സന്യാസിയെ വിലക്കി അന്താരാഷ്ട്ര കൃഷ്ണഭാവനാമൃത സംഘം (ഇസ്കോൺ). അമോഘ് ലീല ദാസിനാണ് വിലക്കേർപ്പെടുത്തിയത്. സ്വാമി വിവേകാനന്ദൻ മത്സ്യം കഴിച്ചതിനെ പരിഹസിച്ചതിനെ തുടർന്നാണ് അമോഘ് ലീലാ ദാസ് വിവാദത്തിലായത്. സദ്‌പ്രവൃത്തി മാത്രം ചെയ്യുന്ന ഒരാൾക്ക് ഒരിക്കലും ഒരു ജീവിയെ ഉപദ്രവിക്കാൻ കഴിയില്ലെന്ന് പറഞ്ഞായിരുന്നു അമോഘ് ലീലാ ദാസ് സ്വാമി വിവേകാനന്ദനെ വിമർശിച്ചത്. സന്യാസിമാർ ശുദ്ധ പുരുഷന്മാരാണ്, ശുദ്ധ പുരുഷന്‍റെ ഹൃദയം കരുണയിൽ നിറഞ്ഞതായിരിക്കും. അങ്ങിനെയുള്ള ഹൃദയത്തിലേക്ക് സിഗരറ്റ് വലിച്ച് പുക വിടുന്നത് ശരിയോ എന്നും വിവേകാനന്ദന്‍റെ ശീലങ്ങളെ സൂചിപ്പിച്ച് അമോഘ് ലീലാ ദാസ് ചോദിച്ചു. ലഹരി വസ്തുക്കളും മാംസാഹാരവും അംഗീകരിക്കാൻ ആകില്ല. സന്യാസി എപ്പോഴും സാധു പുരുഷന്മാരാണ്. അവർക്ക് എങ്ങിനെ മറ്റ് ജീവികളെ ഭക്ഷിക്കാനാകും.
രാമകൃഷ്ണ പരമഹംസന്‍റെ "ജതോ മത് താതോ പാത" (പല അഭിപ്രായങ്ങൾ, പല പാതകൾ) എന്ന ഉപദേശത്തെ പരിഹസിച്ചും പരാമർശം നടത്തി. എല്ലാ പാതകളും ഒരേ ലക്ഷ്യത്തിലേക്കല്ല നയിക്കുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു പരിഹാസം. പ്രസംഗത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമേറ്റുവാങ്ങിയതോടെയാണ് ഇസ്കോൺ നടപടിയെടുത്തിരിക്കുന്നത്. അമോഘ് ലീലാ ദാസിന്‍റെ വാക്കുകൾ ഇസ്കോണിന്‍റെ കാഴ്ചപ്പാടുകളല്ലെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. മറ്റ് മതവിശ്വാസങ്ങളോടും ആചാരങ്ങളോടുമുള്ള ഏത് തരത്തിലുള്ള അനാദരവിനെയും അസഹിഷ്ണുതയെയും ഞങ്ങൾ അപലപിക്കുന്നു. വിവാദമായ പ്രസ്താവന അമോഘ് ലീലാ ദാസിന് ആത്മീയതയുടെ വൈവിധ്യത്തെ കുറിച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെ കുറിച്ചുമുള്ള അറിവില്ലായ്മയാണ് വെളിപ്പെടുത്തുന്നത്. ഗുരുതരമായ തെറ്റ് കണക്കിലെടുത്ത് അമോഘ് ലീലാ ദാസിന് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തുകയാണ്. അദ്ദേഹവുമായി ആശയവിനിമയം നടത്തുകയും തെറ്റ് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട് -ഇസ്കോൺ പ്രസ്താവനയിൽ പറഞ്ഞു.
asxxaas