സിവിൽ കോഡ്: സെമിനാറുകളോ സമ്മേളനങ്ങളോ അല്ല പ്രധാനം, ഒറ്റക്കെട്ടായി എതിർക്കണം -കുഞ്ഞാലിക്കുട്ടി

ഏകസിവിൽ കോഡ് വിഷയം മുസ്‍ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും ബഹുസ്വരതയുടെ വിഷയമാണെന്നും പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങണമെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സെമിനാറുകളോ സമ്മേളനങ്ങളോ അല്ല പ്രധാനം, പാർലമെന്റിൽ ബില്ല് കൊണ്ടുവരുമ്പോൾ ഒറ്റക്കെട്ടായി നിന്ന് അതിനെ എതിർക്കാനുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാവേണ്ടത് -മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവിൽ കോഡ് വിഷയത്തിൽ കഴിഞ്ഞദിവസം യു.ഡി.എഫ് നേതൃയോഗം ചേർന്നിരുന്നു. സംസ്ഥാനമൊട്ടാകെ ജൂലൈ 29ന് ബഹുസ്വരത കാമ്പയിൻ നടത്താൻ യു.ഡി.എഫ് നേരത്തെ തന്നെ തീരുമാനിച്ചതാണ്. ആ കാമ്പയിനിൽ ലീഗ് സജീവമായി പങ്കെടുക്കും. ബഹുസ്വരതക്ക് മുസ്‍ലിം ലീഗ് വലിയ പ്രധാന്യമാണ് നൽകുന്നത്. പാർട്ടി നേതാക്കളുടെ മണിപ്പൂർ സന്ദർശനം അക്കാര്യം തെളിയിക്കുന്നതാണ്. മുസ്‌ലിം ലീഗ് ബഹുസ്വരതയും മതേതരത്വവും ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്നത് കൊണ്ടാണ് കേരളമടക്കമുള്ള സ്ഥലങ്ങളിൽ വർഗീയ ശക്തികൾക്ക് സ്ഥാനമുറപ്പിക്കാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിവിധ മുസ്‍ലിം സംഘടനകളുടെ യോഗം വിളിച്ചുകൂട്ടി തുടക്കംതെട്ടേ വിഷയം ചർച്ച ചെയ്തതാണ്. ഇത് മുസ്‍ലിം ജനവിഭാഗത്തെ മാത്രം ബാധിക്കുന്നതല്ലെന്നും രാജ്യത്തിന്‍റെ ബഹുസ്വരതയെ കൂടി ബാധിക്കുന്നതാണെന്നും ആദ്യം പറഞ്ഞത് മുസ്‍ലിം ലീഗാണ്. ഇപ്പോഴും പാർട്ടി നടത്തുന്ന കാമ്പയിനുകളിൽ പറയുന്നതും അതാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ZZASXZasx