ഡൽഹി സർ‍ക്കാരിനെ താഴെയിറക്കാൻ ബിജെപി 800 കോടി ഇറക്കിയെന്ന് ആരോപണം


ഡൽ‍ഹിയിലും രാഷ്ട്രീയ അട്ടിമറി നടത്തി സർ‍ക്കാരിനെ താഴെയിറക്കാൻ‍ നാൽ‍പതോളം എംഎൽ‍എമാരെ ബിജെപി ബന്ധപ്പെട്ടെന്ന് ആംആദ്മി എംഎൽ‍എ ദിലീപ് പാണ്ഡേ. ഒരു എംഎൽ‍എയ്ക്ക് 20 കോടി വീതം വാഗ്ദാനം ചെയ്തു. സർ‍ക്കാരിനെ താഴെയിറക്കാൻ ബിജെപി 800 കോടി ഇറക്കിയെന്നും പാണ്ഡേ ആരോപിച്ചു. ആരോപണങ്ങൾക്കിടെ കേജരിവാൾ‍ വിളിച്ച യോഗത്തിൽ‍ 40 എംഎൽ‍എമാർ‍ മാത്രമാണ് ഇതുവരെ എത്തിയത്. ചില എംഎൽ‍എമാരെ ഫോണിൽ‍ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും ഇവർ‍ ബിജെപിയുടെ വലയിൽ‍ വീണോ എന്ന് ആശങ്കയുണ്ടെന്നുമുള്ള റിപ്പോർ‍ട്ടുകൾ‍ പാർ‍ട്ടി വൃത്തങ്ങളിൽ‍നിന്നു തന്നെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേജരിവാളിന്‍റെ വസതിയിൽ‍ അടിയന്തര യോഗം ചേരുന്നത്. യോഗത്തിനു ശേഷം പാർ‍ട്ടി ഔദ്യോഗിക വിശദീകരണം നൽ‍കുമെന്നാണ് സൂചന. 

മദ്യനയക്കേസിൽ‍ ഡൽ‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്ക്കെക്കെതിരെ ഇഡിയും സിബിഐയും അന്വേഷണമാരംഭിച്ചതിനു പിന്നാലെ ആംആദ്മിയും ബിജെപിയും തമ്മിലുള്ള പോർ രൂക്ഷമായിരുന്നു.  കേന്ദ്ര ഏജൻസികൾ അന്വേഷണം കടുപ്പിച്ചതോടെ കേജരിവാളും സിസോദിയയും ഗുജറാത്തിലെത്തിയിരുന്നു.ഡിസംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്പെടെ ലക്ഷ്യമിട്ട് നടത്തിയ സന്ദർശനത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഇതിനു പിന്നാലെ ബിജെപിയിൽ‍ ചേർ‍ന്നാൽ‍ തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി സിസോദിയ രംഗത്തുവന്നിരുന്നു. 

ഇതിനു പിന്നാലെ കുതിരക്കച്ചവടം നടത്തി ആം ആദ്മി സർ‍ക്കാരിനെ മറിച്ചിടാൻ കേന്ദ്രത്തിലെ മോദി സർ‍ക്കാർ‍ ശ്രമിച്ചെന്ന് എഎപി നേതാക്കൾ‍ ബുധനാഴ്ച വാർ‍ത്താസമ്മേളനത്തിൽ‍ ആരോപിച്ചു. ഡൽ‍ഹി സർ‍ക്കാരിനെ മറിച്ചിടാന്‍ എംഎൽ‍എമാർ‍ക്ക് 20 കോടി വീതം വാഗ്ദാനം ചെയ്തെന്ന് എഎപി നേതാക്കൾ‍ വെളിപ്പെടുത്തി. ഒന്നുകിൽ‍ 20 കോടി  വാങ്ങി ബിജെപിയിൽ‍ ചേരുക അല്ലെങ്കിൽ‍ സിബിഐ കേസിനെ നേരിടുകയെന്ന ഭീഷണിയാണ് ലഭിച്ചതെന്ന് ആം ആദ്മി ദേശീയ വക്താവും രാജ്യസഭാ  എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു. ബിജെപിയിൽ‍ ചേർ‍ന്നാൽ‍ 20 കോടിയും മറ്റ് എംഎൽ‍എമാരെ ഒപ്പം കൂട്ടിയാൽ‍ 25 കോടിയുമായിരുന്നു വാഗ്ദാനമെന്ന് സഞ്ജയ് സിംഗ് കൂട്ടിച്ചേർ‍ത്തു.

മഹാരാഷ്ട്രയ്ക്കു പിന്നാലെ ഡൽ‍ഹിയിലും ഓപ്പറേഷൻ കമലം നടത്താനാണ് ബിജെപിയുടെ ശ്രമമെന്നാണ് ആരോപണം. സിസോദിയയെ മറ്റൊരു ഷിൻഡെയാക്കാനുള്ള ശ്രമമായിരുന്നു ബിജെപി നടത്തിയത്. പക്ഷേ, അതിനെ എഎപി പരാജയപ്പെടുത്തിയെന്നും നേതാക്കൾ‍  വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed