പെഗാസസ് കേസ്; 29 ഫോണുകളിൽ‍ അഞ്ച് എണ്ണത്തിൽ‍ ചാരസോഫ്റ്റ് വെയർ‍ ഉണ്ടെന്ന് സുപ്രീംകോടതി


പെഗാസസ് കേസിൽ പരിശോധിച്ച 29 ഫോണുകളിൽ‍ അഞ്ച് എണ്ണത്തിൽ‍ ചാരസോഫ്റ്റ് വെയർ‍ കണ്ടെത്തിയെന്ന് സുപ്രീംകോടതി. അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ട് ചീഫ് ജസ്റ്റിസ് പരിശോധിക്കുകയാണ്. എന്നാൽ‍ ഇത് പെഗാസസ് ആണോയെന്ന് തെളിഞ്ഞിട്ടില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഫോൺ ചോർത്തലിനെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടാണ് സുപ്രീംകോടതി പരിശോധിച്ചത്. മൂന്ന് ഭാഗങ്ങളായിട്ടായിരുന്നു റിപ്പോർട്ട്. ഇതിൽ സമിതിയുടെ ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സുപ്രീംകോടതി പരസ്യപ്പെടുത്തും. എന്നാൽ സാങ്കേതിക റിപ്പോർ‍ട്ട് പുറത്തു വിടരുതെന്നാണ് നിർ‍ദേശം. നിരീക്ഷണം ചെറുക്കാൻ നിയമം വേണമെന്ന് സമിതി ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഇക്കാര്യത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു, ആരെല്ലാമാണ് പെഗാസസ് വാങ്ങിയത്, നിയമവിധേയമായാണോ പെഗാസസ് ഉപയോഗിച്ചത് തുടങ്ങി എഴ് വിഷയങ്ങളാണ് ജസ്റ്റിസ് ആർ വി രവീന്ദ്രൻ സമിതി പരിശോധിച്ചത്. മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് കോടതിക്ക് കൈമാറിയത്. സാമൂഹിക പ്രവർ‍ത്തകരും രാഷ്ട്രീയപ്രവർ‍ത്തരും മുൻ ജഡ്ജിമാരുമടക്കും 142 പേരുടെ ഫോണുകൾ‍ ചോർ‍ത്താൻ ഇസ്രയേൽ‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലിൽ‍ സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജ് അധ്യക്ഷനായ മൂന്നംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു. 

മാധ്യമ പ്രവർ‍ത്തകരായ എൻ റാമും, ശശികുമാറും ഉൾ‍പ്പെടെ സമർ‍പ്പിച്ച ഹർ‍ജിയിലാണ് അന്വേഷണത്തിനായി വിരമിച്ച സുപ്രീംകോടതി ജഡ്ജി ആർ‍വി രവീന്ദ്രൻ അധ്യക്ഷനായി മൂന്നംഗ സമിതിയെ നിയോഗിച്ചത്. രാജ്യസുരക്ഷയുടെ പേരിൽ‍ സ്വകാര്യതയിലേയ്ക്ക് കടന്നുകയറാൻ ഫ്രീ പാസ് നൽ‍കാനാവില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ‍ മൂകസാക്ഷികളായി കോടതിയ്ക്ക് നോക്കി നിൽ‍ക്കാനാവില്ലെന്നും ഉൾ‍പ്പെടെ രൂക്ഷമായ വിമർ‍ശനമായിരുന്നു കേസിൽ‍ കേന്ദ്ര സർ‍ക്കാറിനെതിരെ കോടതി നടത്തിയത്. 

ചോർ‍ത്തലിനായി പെഗാസസ് ഉപയോഗിച്ചിട്ടില്ലെന്ന് സർ‍ക്കാർ‍ പാർ‍ലിമെന്റിൽ‍ വ്യക്തമാക്കിയെങ്കിലും സർ‍ക്കാറുകൾ‍ക്ക് മാത്രമേ തങ്ങൾ‍ സോഫ്റ്റ്‌വെയർ‍ വിൽ‍ക്കാറുള്ളൂ എന്നായിരുന്നു നിർ‍മ്മാതാക്കളായ എൻഎസ്ഒ ഗ്രൂപ്പിന്റെ വിശദീകരണം. മിസൈൽ‍ സംവിധാനം ഉൾ‍പ്പെടെയുള്ള ആയുധങ്ങൾ‍ക്കായുള്ള 2 ബില്യൺ ഡോളറിന്റെ (13000 കോടി) സൈനിക പാക്കേജിന്റെ ഭാഗമായി 2017ൽ ഇന്ത്യ പെഗാസസ് വാങ്ങിയിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർ‍ക്ക് ടൈംസ് റിപ്പോർ‍ട്ട് ചെയ്തിരുന്നു. 2017 ജൂലായിൽ‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേൽ‍ സന്ദർ‍ശിച്ചതിന് പിന്നാലെയായിരുന്നു ആയുധ കരാർ‍ തയ്യാറായത് എന്നും റിപ്പോർ‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബെന്യാമിൻ നെതന്യാഹു പ്രധാനമന്ത്രിയായിരിക്കെ 2017 ജൂലൈയിൽ‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഇസ്രയേൽ‍ സന്ദർ‍ശനത്തിനു ശേഷമാണ് ഇന്ത്യയിൽ‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർ‍ത്തൽ‍ വ്യാപകമായതെന്ന് നേരത്തെ തന്നെ റിപ്പോർ‍ട്ടുകൾ‍ ഉണ്ടായിരുന്നു. പെഗാസസ് പ്രോജക്ട് എന്ന പേരിൽ‍ വാഷിങ്ടൺ പോസ്റ്റ്, ഗാർ‍ഡിയൻ, ലെ മൊണ്‍ഡേ, ദി വയർ‍ എന്നിവയുൾ‍പ്പെടെ 17 മാധ്യമസ്ഥാപനങ്ങൾ‍ നടത്തിയ അന്വേഷണമാണ് ആഗോളതലത്തിൽ‍ തന്നെ വലിയ വിവാദങ്ങൾ‍ക്ക് വഴിവച്ച വെളിപ്പെടുത്തലിലേക്ക് നീങ്ങിയത്. പാരീസ് ആസ്ഥാനമായുള്ള ഫൊർ‍ബിഡന്‍ സ്റ്റോറീസ് എന്ന മാധ്യമസ്ഥാപനത്തിനും മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റർ‍നാഷണലിനും ചോർ‍ന്നുകിട്ടിയ 50,000 ഫോൺ നമ്പറുകൾ‍ കൂടുതൽ‍ അന്വേഷണത്തിനും വിശകലനത്തിനും കൈമാറുകയായിരുന്നു. ഇന്ത്യ, യുഎഇ, ഹംഗറി, സൗദി അറേബ്യ, റുവാണ്‍ഡ, മൊറോക്കോ, മെക്‌സിക്കോ, കസാഖിസ്താന്‍, ബഹ്റൈന്‍, അസർ‍ബൈജാന്‍ എന്നീ രാജ്യങ്ങളിലുള്ളവരാണ് നിരീക്ഷിക്കപ്പെട്ടവരിൽ‍ അധികവും. ഫോണുകളെ സർ‍വ്വയിലൻസ് ഡിവൈസുകൾ‍ ആക്കി മാറ്റുന്ന രീതിയിലാണ് പെഗാസസ് പ്രവർ‍ത്തിക്കുക. ഉപഭോക്താവ് അറിയാതെ തന്നെ 24 മണിക്കൂറും ഓരോ ചലനങ്ങളും വീക്ഷിക്കാന്‍ പെഗാസസിലൂടെ സാധിക്കും.

You might also like

Most Viewed