നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; 11 പേർ അറസ്റ്റിൽ

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ 11 പേർ അറസ്റ്റിൽ. ആക്രമണത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹങ്ങൾക്ക് നേരെ കല്ലെറിയുകയും ആക്രമണത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെന്നുമാണ് കേസ്. പാറ്റ്‌ന ജില്ലയിലെ ഗോരിചൗക് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കല്ലേറിൽ ചില വാഹനങ്ങളുടെ ചില്ലുകൾ തകർന്നിരുന്നു. ആക്രമണം നടന്ന സമയം നിതീഷ് കുമാർ വാഹനത്തിൽ ഉണ്ടായിരുന്നില്ല.
ഒരാഴ്ച്ച മുമ്പ് കാണാതായ 20 വയസുള്ള സണ്ണി കുമാറിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ ബ്യൂറിൽ വച്ച് കണ്ടെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് സോഹ്ഗി ഗ്രാമവാസികൾ പാറ്റ്‌ന−ഗയ പ്രധാന റോഡ് ഉപരോധിച്ചിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അതുവഴി കടന്നുപോകുന്നത്. പിന്നാലെയാണ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായത്.