ട്രെയിനിലെ പുതപ്പ്, കർട്ടൻ തുടങ്ങിയവയുടെ വിതരണം പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ

കോവിഡിന്‍റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ട്രെയിനിലെ പുതപ്പ്, കർട്ടൻ തുടങ്ങിയവയുടെ വിതരണം പുനരാരംഭിക്കാൻ റെയിൽവേ. ഇത് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് നിർദേശിച്ച് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് റെയിൽവേ സർക്കുലർ അയച്ചു. ട്രെയിനിലെ ഭക്ഷണവിതരണം നേരത്തേ പുന രാരംഭിച്ചിരുന്നു. ദീർഘദൂര ട്രെയിനുകളിലടക്കം എല്ലാ ട്രെയിനിലും ജനറൽ കോച്ചുകൾ അനുവദിക്കാൻ റെയിൽവേ ബോർഡ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇളവുകളെ തുടർന്ന് ഏതാനും ട്രെയിനുകളിൽ ജനറൽ കോച്ചുകൾ ഏർപ്പെടുത്തിയെങ്കിലും നിലവിൽ അധികവും പൂർണമായും റിസർവ് കോച്ചുകളുമായാണ് ഓടുന്നത്.
സ്ഥിരയാത്രക്കാർക്കടക്കം ഇത് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് റെയിൽവേ തീരുമാനം. നേരത്തേയുണ്ടായിരുന്ന ജനറൽ കോച്ചുകളെല്ലാം റിസർവേഷൻ കന്പാർട്ടുമെന്‍റുകളായാണ് ഇപ്പോൾ ഓടുന്നത്. ഈ കോച്ചുകളിലെ റിസർവേഷൻ വിലയിരുത്തിയ ശേഷമാകും അവ വീണ്ടും ജനറലുകളാക്കുക.