യുക്രെയ്നിൽ നിന്നുമെത്തുന്ന വിദ്യാർഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരുടെ ചെലവ് കേന്ദ്രം വഹിക്കും

യുക്രെയ്നിൽ നിന്നുമെത്തുന്ന വിദ്യാർഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരുടെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കും. സർക്കാർ വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കി. ഇന്ത്യക്കാരായ 1,000 വിദ്യാർഥികളെ ഇന്ന് ഒഴിപ്പിക്കുമെന്നാണ് സൂചന. രാജ്യത്തിന്‍റെ പടിഞ്ഞാറൻ അതിർത്തി വഴി രക്ഷപ്പെടുത്താനാണ് ശ്രമം. വിദ്യാർഥികളെ നാലു രാജ്യങ്ങൾ വഴി പുറത്തെത്തിക്കാനാണ് പദ്ധതിയൊരുക്കുന്നത്. റൊമാനിയ, ഹംഗറി അതിർത്തിയിലേക്കു നീങ്ങാനാണ് ഇവർക്കു ലഭിച്ചിരിക്കുന്ന നിർദേശം. അതിർത്തിയുടെ അടുത്ത് താമസിക്കുന്നവരാണ് ആദ്യം എത്തേണ്ടത്. വാഹനത്തിൽ ഇന്ത്യൻ പതാക കെട്ടണമെന്നും അവശ്യ ചെലവിനു യുഎസ് ഡോളർ കൈയിൽ കരുതണമെന്നും നിർദേശമുണ്ട്.
അതിനിടെ, പോകുന്ന വാഹനത്തിന്‍റെയും ഫ്ളൈറ്റിന്‍റെയുമൊക്കെ ടിക്കറ്റ് ചാർജ് അടയ്ക്കണമെന്നു പറഞ്ഞതു വിദ്യാർഥികൾക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. വിദ്യാർഥികളിൽ പലരും കൈയിലുള്ള പണം ഉപയോഗിച്ച് നേരത്തെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, ഫ്ളൈറ്റുകൾ റദ്ദായതോടെ കുറെ പണം നഷ്ടപ്പെട്ടു. ഇനിയും വൻ തുക മുടങ്ങി നാട്ടിലേക്കു മടങ്ങാൻ കഴിയുന്ന സാഹചര്യത്തിലല്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇക്കാര്യത്തിലാണ് ഇപ്പോൾ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിരിക്കുന്നത്.