അഹമ്മദാബാദ് സ്ഫോടനപരന്പര; 38 പേർക്ക് വധശിക്ഷ; 11 പേർക്ക് ജീവപര്യന്തം തടവും


56 പേർ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്ഫോടനപരന്പര കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരിൽ 38 പേർക്ക് വധശിക്ഷ. ബാക്കി 11 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. ആദ്യമായിട്ടാണ് ഒരു കേസിൽ ഇത്രയധികം പേർക്ക് വധശിക്ഷ ലഭിക്കുന്നത്.

2008ൽ അഹമ്മദാബാദിലുണ്ടായ സ്ഫോടന പരന്പര കേസിൽ ഗുജറാത്തിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആകെ 77 പ്രതികളുണ്ടായിരുന്ന കേസിൽ 2021 സെപ്റ്റംബറിൽ വിചാരണ പൂർത്തിയാക്കിയിരുന്നു. വർഷങ്ങളോളം നീണ്ട വിചാരണയ്ക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. 28 പേരെ വെറുതിവെട്ട കോടതി 49 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

2008 ജൂലായ് 26−നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളിൽ ബോംബ് സ്ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകൾക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2002−ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതെന്നും പോലീസ് കണ്ടെത്തി.

കേസിൽ 85 പേരെയാണ് ഗുജറാത്ത് പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ 78 പ്രതികൾക്കെതിരെയാണ് വിചാരണ ആരംഭിച്ചത്. ഇതിനിടെ ഒരു പ്രതി മാപ്പുസാക്ഷിയായി. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്ക് പുറമേ യു.എ.പി.എ. നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരേ ചുമത്തിയിരുന്നു. വിചാരണ നടക്കുന്നതിനിടെ 2013−ൽ പ്രതികളിൽ ചിലർ ജയിലിൽനിന്ന് രക്ഷപ്പെടാന് ശ്രമിച്ച സംഭവവുമുണ്ടായി. തുരങ്കം നിർമിച്ചാണ് പ്രതികൾ അന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed