സിപിഎം പ്രവർത്തകരുടെ മർദനമേറ്റ ട്വന്‍റി20 പ്രവർത്തകൻ മരിച്ചു

വിളക്കണക്കൽ സമരത്തിനിടെ സിപിഎം പ്രവർത്തകരുടെ മർദനമേറ്റ ട്വന്‍റി20 പ്രവർത്തകൻ കാവുങ്ങപ്പറന്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി.കെ. ദീപു(37) മരിച്ചു. ശനിയാഴ്ചയാണ് ദീപുവിന് മർദനമേറ്റത്. വൈകുന്നേരം ഏഴു മുതൽ ഏഴേകാൽ വരെ ട്വന്‍റി 20 ഭരിക്കുന്ന വാർഡുകളിലെ എല്ലാ വീടുകളിലെയും ലൈറ്റുകൾ അണച്ചായിരുന്നു സമരം സംഘടിപ്പിച്ചത്. രാത്രി എട്ടോടെയാണ് സിപിഎം പ്രവർത്തകരിൽ നിന്നും ദീപുവിനു മർദനമേറ്റതെന്നാണ് ട്വന്‍റി 20 നേതൃത്വം പറയുന്നത്. ട്വന്‍റി 20 ഭരിക്കുന്ന ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട്, കിഴക്കന്പലം പഞ്ചാത്തുകളിൽ ആധുനിക എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നത് കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജന്‍റെ നേതൃത്വത്തിൽ തടഞ്ഞുവെന്നായിരുന്നു ട്വന്‍റി 20 ആരോപിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്തുകളിലെ എല്ലാ വീടുകളിലെയും ലൈറ്റുകൾ അണച്ച് സമരം സംഘടിപ്പിക്കാൻ ട്വന്‍റി 20 നേതൃത്വം തീരുമാനിച്ചത്.
അതേസമയം, കേസിൽ നാല് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബഷീർ, സൈനുദ്ദീൻ, അബ്ദുറഹ്മാൻ, അബ്ദുൽ അസീസ് എന്നിവരാണ് പിടിയിലായത്.