മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി മൻമോഹൻ സിംഗ്

നരേന്ദ്ര മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. രാജ്യത്ത് ദരിദ്രർ കൂടുതൽ ദരിദ്രരാകുന്പോൾ ധനികർ കൂടുതൽ സന്പന്നരാകുകയാണ്. ഈ സർക്കാരിന്‍റെ ഉദ്ദേശ്യത്തിലും നയങ്ങളിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്നും മൻമോഹൻ സിംഗ് തുറന്നടിച്ചു. വിദേശനയത്തിൽ കേന്ദ്ര സർക്കാർ തികഞ്ഞ പരാജയമായിരിക്കുകയാണ്. ചൈനീസ് സൈനികർ ഇന്ത്യൻ അതിർത്തികളിൽ തുടരുകയാണ്. ഒരു വർഷമായിട്ടും സർക്കാർ ഒന്നും ചെയ്തില്ല. പഴയ സുഹൃത്തുക്കൾ ശത്രുക്കളായി മാറി. എന്നിട്ട് ബിജെപി നെഹ്‌റുവിനെ പഴിചാരുന്നുവെന്നും മൻമോഹൻ പറഞ്ഞു.
രാഷ്ട്രീയക്കാരെ കെട്ടിപ്പിടിച്ചതുകൊണ്ടോ സൗജന്യമായി ബിരിയാണി കഴിച്ചതുകൊണ്ടോ ബന്ധങ്ങൾ മെച്ചപ്പെടില്ല. വലിയ കാര്യങ്ങൾ സംസാരിക്കാൻ എളുപ്പമാണ്. എന്നാൽ അത് പ്രായോഗികമാക്കാൻ വളരെയധികം ബുദ്ധിമുട്ടാണെന്നും ബിജെപി നേതാക്കളെ ചൂണ്ടി മൻമോഹൻ സിംഗ് പറഞ്ഞു.