ഗൂഢാലോചനക്കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെയും കൂട്ടുപ്രതികളെയും വീണ്ടും ചോദ്യം ചെയ്യും. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെയാണ് ചോദ്യം ചെയ്യുക. നേരത്തെ ക്രൈം ബ്രാഞ്ചിന് ലഭിച്ച ദിലീപിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണ്. ദിലീപ് ഹാജരാക്കിയ ആറു ഫോണുകളുടെ പരിശോധന ഫലം നാളെ ലഭിക്കും. ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക. അടുത്തയാഴ്ചയോടെയായിരിക്കും ചോദ്യം ചെയ്യൽ. സുപ്രധാന വിവരങ്ങൾ മൊബൈൽ ഫോണുകളിൽ നിന്നും ലഭിക്കുമെന്നാണ് ക്രൈം ബ്രാഞ്ച് കരുതുന്നത്.
പ്രതികളിലോരോരുത്തരെയും പല ദിവസങ്ങളിൽ വിളിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സുരാജിന് തിങ്കളാഴ്ച്ച ഹാജരാകണമെന്ന് കാട്ടി ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ദിലീപിന്റെ സഹോദരൻ അനൂപിനോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈം ബ്രാഞ്ചിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അനൂപ് ഹാജരായില്ല. ബന്ധു മരിച്ചതിനാലാണ് ഹാജരാവാത്തതെന്നാണ് അനൂപിന്റെ വിശദീകരണം.
ഇതിനിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ വിലക്കണം എന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24 ലേക്കു മാറ്റി. മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാൻ ശ്രമിക്കുന്നെന്നാണ് ദിലീപിന്റെ ആക്ഷേപം. അതേസമയം ദിലീപ് നൽകിയ ഹർജി നിയമപരമായി നില നിൽക്കുന്നതല്ല എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഹർജി നേരത്തെ പരിഗണിക്കവെ നടിയെ ആക്രമിച്ച കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാധ്യമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്കു കോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില മാധ്യമ സ്ഥാപനങ്ങൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.