മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ കോൺഗ്രസ് വിട്ടു

ദേശീയ തലത്തിൽ കോൺഗ്രസിന് വൻ തിരിച്ചടി നൽകി മുതിർന്ന നേതാവ് അശ്വനി കുമാർ പാർട്ടി വിട്ടു. മുൻ കേന്ദ്ര നിയമമന്ത്രി കൂടിയായ അശ്വനി കുമാർ കോൺഗ്രസിൽ കഴിഞ്ഞ 46 വർഷമായി പ്രവർത്തിച്ച് വരുന്നയാളാണ്. ചൊവ്വാഴ്ചയായിരുന്നു രാജി. രാജിക്കത്ത് സോണി ഗാന്ധിക്ക് അയച്ചിട്ടുണ്ട്.
”ഈ വിഷയത്തിൽ ഞാൻ ഒരുപാട് ചിന്തിച്ചു. എന്റെ മാന്യതയും സമകാലിക സാഹചര്യങ്ങളും കണക്കിലെടുത്ത്, കോൺഗ്രസിന് പുറത്ത് രാജ്യത്തിന് വേണ്ടി കൂടുതൽ നന്നായി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്നാണ് തോന്നുന്നത്,” അശ്വനി കുമാർ കത്തിൽ വ്യക്തമാക്കി.
പഞ്ചാബിൽ നിന്നുള്ള മുൻ രാജ്യസഭാ എം.പി കൂടിയാണ് അശ്വനി കുമാർ. പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കെ അശ്വനി കുമാറിന്റെ രാജി കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.