കേരളത്തിലും ബംഗാളിലും അല്ലാതെ രാഷ്ട്രീയ കൊലപാതകങ്ങൾ എവിടെയാണ് നടക്കുകയെന്ന് യോഗി

കേരളത്തിനെതിരെയുള്ള വിമർശനങ്ങൾ ആവർത്തിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കേരളത്തിലും പശ്ചിമ ബംഗാളിലും രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുകയാണെന്നും രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും യോഗി ചോദിച്ചു. നേരത്തെ കേരളം, ബംഗാൾ സംസ്ഥാനങ്ങൾക്കെതിരെ നടത്തിയ പരാമർശത്തെയും യോഗി ന്യായീകരിച്ചു. ഈ ആളുകൾ ബംഗാളിൽ നിന്ന് വന്ന് ഇവിടെ അരാജകത്വം പ്രചരിപ്പിക്കുകയാണ്. അതിനാൽ കരുതലോടെയിരിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് അത്യാവശ്യമായിരുന്നു. നിങ്ങൾക്ക് ലഭിക്കുന്ന സുരക്ഷയും ബഹുമാനവും ഇല്ലാതാക്കാൻ ആളുകൾ വന്നിട്ടുണ്ടെന്നും അത് അനുവദിക്കരുതെന്നും മുന്നറിയിപ്പ് നൽകേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു, യോഗി പറഞ്ഞു.
യുപിയിൽ രണ്ടാം ഘട്ട പോളിംഗ് നടക്കുന്നതിന് മുന്നോടിയായാണ് യോഗിയുടെ പരാമർശം.
ബംഗാളിൽ ഇലക്ഷൻ സമാധാനപരമായാണോ നടന്നത്? അടുത്തിടെ ബംഗാളിൽ വിധാൻ സഭ ഇലക്ഷൻ നടന്നു. ഇതിൽ ബിജെപി പ്രവർത്തകർ ആക്രമിക്കപ്പെട്ടു. ബൂത്തുകൾ പിടിച്ചടക്കപ്പെട്ടു. അരാജകത്വം അതിന്റെ ഉച്ചസ്ഥായിലായിരുന്നു. നിരവധി പേർ കൊല്ലപ്പെട്ടു. സമാന അവസ്ഥയാണ് കേരളത്തിലും. രാഷ്ട്രീയ കൊലാപതകങ്ങൾ ഈ രണ്ട് സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. വേറെ എവിടെയാണ് ഇവ നടന്നത്? യോഗി ആദിത്യനാഥ് ചോദിച്ചു. ഉത്തർപ്രദേശ് കേരളമോ കശ്മീരോ ബംഗാളോ ആവരുതെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. ഒരു തെറ്റുപറ്റിയാൽ ഉത്തർപ്രദേശ് മറ്റൊരു കാശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്ന് ആദ്യഘട്ട പോളിംങ്ങ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി. പിന്നാലെ യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. യുപി കേരളമായി മാറിയാൽ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നാണ് ഹിന്ദി ട്വീറ്റിലൂടെ പിണറായി വിജയൻ യോഗിക്ക് മറുപടി നൽകിയത്.