കോവിഷീൽഡ് വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രം


ന്യൂഡൽഹി: കോവിഷീൽഡ് വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ അടിയന്തരമായി മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് കേന്ദ്രസർക്കാർ. ഇരുഡോസുകൾക്കിടയിലെ ഇടവേള സംബന്ധിച്ച് നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും സമയപരിധി കുറയ്ക്കുന്ന കാര്യത്തിൽ കൃത്യമായ ശാസ്ത്രീയ പഠനം ആവശ്യമാണെന്നും സർക്കാർ വ്യക്തമാക്കി.

കോവിഷീൽഡ് ഡോസുകൾക്കിടയിലെ ഇടവേള വർദ്ധിപ്പിച്ച സമയത്ത് ആദ്യഡോസ് സ്വീകരിച്ചവരിൽ വൈറസിനെതിരെ സൃഷ്ടിക്കപ്പെടുന്ന പ്രതിരോധശേഷിയാണ് മുഖ്യമായും പരിഗണിച്ചത്. ഇടവേള വർദ്ധിപ്പിക്കുന്പോൾ കൂടുതൽ പേർക്ക് ആദ്യഡോസ് ലഭ്യമാക്കാൻ സാധിക്കുമെന്നതും ആശ്വാസകരമായി. അതിലൂടെ ആർജിത പ്രതിരോധശേഷി വർദ്ധിപ്പിക്കാമെന്ന സംഗതിക്കാണ് മുൻഗണന നൽകിയതെന്ന് നിതി ആയോഗ് അംഗം ഡോക്ടർ വികെ പോൾ വിശദമാക്കി. വൈറസിന്റെ പുതിയ വകഭേദങ്ങളെ മുന്നിർത്തി കോവിഷീൽഡ് ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണമെന്ന തരത്തിലെ ചില മാധ്യമറിപ്പോർട്ടുകളിൽ പ്രതികരിക്കുകയായിരുന്നു ഡോക്ടർ പോൾ.

ലോകാരോഗ്യസംഘടനയുടെ ഭാഗമായുള്ള പാനലുകളിലും കമ്മിറ്റികളിലും പ്രവർത്തിക്കുകയും ആഗോളതലത്തിൽ അറിയപ്പെടുകയും ചെയ്യുന്ന വിദഗ്ദ്ധരടങ്ങിയ സംഘമാണ് നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്(NTAGI), അതു കൊണ്ട് തന്നെ ഇടവേള വർധിപ്പിക്കുന്നതുൾപ്പെടെ എൻടിഎജിഐ എടുക്കുന്ന തീരുമാനങ്ങൾ എല്ലാവരും മാനിക്കണം−ഡോക്ടർ പോൾ കൂട്ടിച്ചേർത്തു.

ഡെൽറ്റ വകഭേദത്തിന്റെ സാന്നിദ്ധ്യം അടിസ്ഥാനമാക്കി ഇടവേള കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് എൻടിഎജിഐ പഠനം നടത്തുന്നതായും അതിനെ കുറിച്ചുള്ള അന്തിമതീരുമാനം വരുന്നതു വരെ ഇടവേള സംബന്ധിച്ചുള്ള ആശങ്ക ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ശാസ്ത്രീയപഠനങ്ങൾക്ക് ശേഷമാണ് ബ്രിട്ടനിൽ വാക്സിൻ ഡോസുകളിലെ ഇടവേള പുനർനിർണയിച്ചതെന്നും ഡോക്ടർ പോൾ ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed