കൊവിഡ് സ്ഥിതിവിവര കണക്ക്; സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് കൊവിഡ് സ്ഥിതിവിവരം റിപ്പോർട്ട് ചെയ്യുന്നതിന് പ്രത്യേക മാർഗനിർദേശം ഇറക്കി കേന്ദ്രസർക്കാർ. മരണ കണക്കുകൾ മറച്ചുവയ്ക്കുന്ന സാഹചര്യത്താലാണിത്. ജില്ലാതലത്തിൽ ഒന്നിലധികം പരിശോധനമാർഗങ്ങൾ അവലംബിക്കണം. ബീഹാറിലടക്കം വലിയ തോതിൽ മരണ കണക്കുകൾ മറച്ചുവച്ച സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശം. മറച്ചുവച്ച മരണ കണക്കുകൾ പിന്നീട് റിപ്പോർട്ട് ചെയ്യുന്പോൾ രാജ്യത്തെ മരണനിരക്കിൽ കുത്തനെയുള്ള ഉയർച്ച പെട്ടന്ന് സംഭവിക്കുന്നു. ഇത് ജനങ്ങളിൽ പരിഭ്രാന്തി പരത്താൻ ഇടയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേസമയം വാക്‌സിന് നികുതി ഒഴിവാക്കുന്ന കാര്യത്തിൽ ഇന്നുചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനം കൈകൊള്ളും. ഓക്‌സിജന്‍, മരുന്ന് തുടങ്ങി കൊവിഡ് ചികിത്സ സാമഗ്രികളുടെ നികുതി ഒഴിവാക്കുന്നത് സംബന്ധിച്ചും അന്തിമ തീരുമാനം ഉണ്ടാകും. നികുതി ഒഴിവാക്കണം എന്ന മന്ത്രിതലസമിതിയുടെ റിപ്പോർട്ട് പരിഗണിച്ചായിരിക്കും തീരുമാനം.