സമ്മാനത്തുകയുടെ പകുതി ട്രാക്കിൽ വീണ കുട്ടിയ്ക്കും അമ്മയ്ക്കുമെന്ന് മയൂർ ശഖറാം ഷെൽക്കെ

മുംബൈ : റെയിൽവെ ട്രാക്കിൽ വീണ ആറ് വയസുകാരനെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച റെയിൽവേ ജീവനക്കാരനെ നിറകൈകളോടെയാണ് രാജ്യം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ധീരതയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ വീണ്ടും മയൂർ ശഖറാം ഷെൽക്കെ എന്ന റെയിൽവേ ജീവനക്കാരൻ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
തന്റെ ധീരതയെ അഭിനന്ദിച്ച് റെയിൽവേ നൽകിയ പാരിതോഷികം ട്രാക്കിൽ വീണ ആ കുട്ടിയ്ക്കും അന്ധയായ അമ്മയ്ക്കും നൽകാനാണ് മയൂറിന്റെ തീരുമാനം. അൻപതിനായിരം രൂപയാണ് ഇദ്ദേഹത്തിന് റെയിൽവേ പാരിതോഷികമായി നൽകിയത്. ഇതോടെ അണഞ്ഞു പോകാത്ത മയൂറിന്റെ മനസിലെ നന്മയെ ആളുകൾ കയ്യടികളോടെയാണ് സ്വീകരിക്കുന്നത്.
കൊറോണയുടെ പ്രയാസമേറിയ സാഹചര്യങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. ഈ സാഹചര്യത്തിൽ തനിക്ക് പണമായി പാരിതോഷികം നൽകാൻ ആഗ്രഹിക്കുന്നവർ ചെക്ക് നൽകിയാൽ അത് സഹായമാവശ്യമുള്ളവർക്ക് നൽകാൻ സാധിക്കുമെന്ന് മയൂർ പറയുന്നു. സമൂഹമാദ്ധ്യമത്തിലൂടെയാണ് മയൂർ ഇക്കാര്യം അറിയിച്ചത്.