ബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷിനെ പ്രതിയാക്കാതെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികൾ രണ്ടുതട്ടില്‍. ബിനീഷിനെ പ്രതിപ്പട്ടികയില്‍ പോലും ചേർക്കാതെയാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. അതേസമയം, ബിനീഷ്, മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ലഹരി ഇടപാടിലൂടെ കോടികൾ സന്പാദിച്ചു എന്നായിരുന്നു ഇഡി കുറ്റപത്രം.
കഴിഞ്ഞ ആഗസ്റ്റില്‍ എന്‍സിബി രജിസ്റ്റർ ചെയ്ത ബെംഗളൂരു മയക്കുമരുന്ന് കേസില്‍ രണ്ടാം പ്രതിയായ അനൂപ് മുഹമ്മദ് തനിക്ക് സാമ്പത്തിക സഹായം നല്‍കിയത് ബിനീഷ് കോടിയേരിയാണെന്നായിരുന്നു മൊഴി നല്‍കിയത്. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുവരും തമ്മില്‍ വലിയ സാന്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും എന്‍സിബി കണ്ടെത്തി. തുടർന്ന് ബിനീഷിനെ ചോദ്യം ചെയ്തു എന്ന് മാത്രമാണ് ബിനീഷിനെപറ്റി നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്.
അതേസമയം നേരത്തെ ഇഡി സമർപ്പിച്ച കുറ്റപത്രത്തിലും ബിനീഷിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയില്‍ സമർപ്പിച്ച വിവിധ റിപ്പോർട്ടുകളിലും അനൂപിനെ മറയാക്കി ലഹരി ഇടപാടിലൂടെ ബിനീഷ് കോടികൾ സന്പാദിച്ചു എന്നാണ് കണ്ടെത്തല്‍. ഇതോടെ ഒരേ കേസില്‍ ബിനീഷ് കോടിയേരിയെ ചൊല്ലി രണ്ടുതട്ടിലാവുകയാണ് രണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളും. രണ്ട് കുറ്റപത്രങ്ങളും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ബെംഗളൂരു സെഷന്‍സ് കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്‍റെ അഭിഭാഷകർ.