മഹാരാഷ്ട്രയിൽ ആഞ്ഞടിച്ച് നിസർഗ; മുംബൈയിലടക്കം കനത്ത മഴ

മുംബൈ: അറബിക്കടലിൽ രൂപപ്പെട്ട അതിതീവ്രന്യൂനമർദ്ദം നിസർഗ ചുഴലിക്കാറ്റായി മഹാരാഷ്ട്രയിൽ ആഞ്ഞടിച്ചു. മുംബൈയ്ക്ക് 100 കിലോമീറ്റർ അകലെ അലിബാഗിലാണ് നിസർഗ തീരം തൊട്ടത്. 110 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റടിച്ചതെന്നാണ് റിപ്പോർട്ടുകൾ. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കാറ്റ് മുംബൈ, താനെ ജില്ലകളിലേക്ക് പ്രവേശിക്കും. മൂന്ന് മണിക്കൂറോളം കാറ്റ് കരയിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിസർഗ മുംബൈയിലും താനെയിലും പാൽഘറിലും റായ്ഗഢിലും നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പുണ്ട്.മുൻകരുതൽ നടപടിയായി പാൽഘർ മേഖലയിൽ നിന്ന് ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയും വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തിട്ടുണ്ട്. തീരപ്രദേശത്തെ കുടിലുകളും വീടുകളും മുൻകരുതൽ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു.