ദേവികയുടെ മരണം: വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും വീഴ്ചയില്ലെന്ന് ഡിഡിഇ റിപ്പോർട്ട്

മലപ്പുറം: സ്കൂൾ വിദ്യാർത്ഥിനി ദേവിക ജീവനൊടുക്കിയ സംഭവത്തിൽ മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്ലാസ് അധ്യാപകൻ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് ദേവികയെ വിളിച്ചു സംസാരിച്ചിരുന്നു. അഞ്ചാം തീയതിക്കുള്ളിൽ സ്കൂളിൽ സൗകര്യമുണ്ടാക്കാമെന്ന് ദേവികയെ അറിയിച്ചിരുന്നെന്നും ഡിഡിഇയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്‌കൂളിൽ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്തവരുടെ പട്ടികയിൽ ദേവികയെ ഉൾപ്പെടുത്തിയിരുന്നു. പട്ടികയിൽ ഉള്ളവർക്കു പഠന സംവിധാനങ്ങളൊരുക്കാൻ നടപടി തുടങ്ങിയിരുന്നു. ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസ് ട്രയൽ മാത്രമാണെന്നും ദേവികയെ അറിയിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അധ്യാപകരുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്നു കരുതാനാവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.