ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയിലെന്ന് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് 19നെ തുടർന്നുള്ള മരണനിരക്ക് ലോകരാഷ്ട്രങ്ങളിൽ ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്രം. ലോകത്ത് കോവിഡ് മരണനിരക്ക് ഒരു ലക്ഷത്തിൽ 4.4 ആണ്. എന്നാൽ ഇന്ത്യയിൽ ഇത് 0.3 ആണെന്ന് ആരോഗ്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. രാജ്യത്ത് കോവിഡ് കേസുകൾ 1.45 ലക്ഷം കടന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ പ്രതികരണം.
രാജ്യത്ത് രോഗബാധിതരായിരുന്ന 41.61 ശതമാനം പേർ രോഗമുക്തരായി. ഇതുവരെ 60,490 കോവിഡ് രോഗികൾ വൈറസ് ബാധയിൽനിന്നു മുക്തരായി. രാജ്യത്ത് മരണനിരക്ക് 2.87 ശതമാനമാണെന്നും അഗർവാൾ പറഞ്ഞു. അതേസമയം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കുടിയേറ്റ തൊഴിലാളികൾ മടങ്ങിയെത്തിയതോടെ ബിഹാർ, പശ്ചിമ ബംഗാൾ, ആസാം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിയെന്നും അഗർവാൾ കൂട്ടിച്ചേർത്തു.