ദീപു കരുണാകരന്റെ ബ്രൂണോ ആണ് താരം

കോവിഡ് ജാഗ്രതയുടെ ഭാഗമായി സംവിധായകൻ ദീപു കരുണാകരൻ ഒരുക്കിയ ഹ്രസ്വചിത്രമാണ് ബ്രൂണോ ആണ് താരം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായുള്ള സംഭാഷണത്തിനിടയിലാണ് ഇങ്ങനെയൊരു ആശയം തന്റെ മനസ്സിലേയ്ക്കു വരുന്നതെന്ന് ദീപു കരുണാകരൻ പറയുന്നു. ‘ഡിജിപി ഒരു പെറ്റ് ലവർ ആണ്, അതുപോലെ തന്നെ ഞാനും. മനുഷ്യനോട് ഏറെ കൂറു പുലർത്തുന്ന നായ്ക്കളെ വച്ച് ഒരു വിഡിയോ ചെയ്യൂ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം സംസാരിച്ച് വീട്ടിലെത്തിയ സമയത്താണ് ബ്രൂണോ (നായക്കുട്ടി) എന്റെ കാലിൽ വന്ന് കടിക്കുന്നത്. അപ്പോഴാണ് ഇവനെ വച്ച് തന്നെ വിഡിയോ ചെയ്യാമെന്ന് തീരുമാനിക്കുന്നതും. ഒരുമാസം മുമ്പാണ് ഞാൻ ഇവനെ മേടിക്കുന്നത്. മൂന്ന് മണിക്കൂറുകൾ കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. നായക്കുട്ടികളെ പരിശീലിപ്പിക്കാൻ വലിയ പാടാണ്.
ബ്രൂണോയുടെ കാര്യത്തിൽ വലിയ വിയർപ്പൊഴുക്കേണ്ടി വന്നില്ല. ഒരു മണിക്ക് ഷൂട്ട് തുടങ്ങി നാല് മണിക്കു തന്നെ അതിന്റെ ഫൈനല്‍ ഔട്ട് പുറത്തിറക്കി.’
ദൈർഘ്യം കുറഞ്ഞതും രസകരവും പെട്ടന്ന് ആളുകളിലേയ്ക്ക് എത്തുന്നതുമായ വിഡിയോ ആണ് ഉദ്ദേശിച്ചിരുന്നത്. ഞങ്ങളുടെ ഈ കൊച്ചുശ്രമം വിജയിച്ചുവെന്ന് തന്നെയാണ് ഇതിന് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്.
വീട്ടിൽ നിന്നും പുറത്തുപോകാൻ ശ്രമിക്കുന്ന തന്റെ യജമാനനെ തിരിച്ച് വീട്ടിൽ തന്നെ ഇരുത്താൻ ബ്രൂണോ നടത്തുന്ന ശ്രമങ്ങളാണ് വിഡിയോയിൽ കാണാനാകുക. ലോക്ഡൗണുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും നായക്കുട്ടിയെ വച്ച് ഇത്തരമൊരു ആശയം പങ്കുവയ്ക്കുന്നത് ഇതാദ്യമാകും. ഫയർമാൻ, കരിങ്കുന്നം സിക്സസ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ദീപു. പ്രശാന്ത് കൃഷ്ണയാണ് ഛായാഗ്രഹണം. എഡിറ്റിങ് ശങ്കർ എസ്.കെ. രമേഷ് പി. വയനാട് നിർമാണം.