വിദേശത്തുള്ള ഇന്ത്യാക്കാരെ തൽക്കാലം തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്രസർക്കാർ


ന്യൂഡൽഹി: വിദേശത്ത് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തൽക്കാലം തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികളെ തൽക്കാലം തിരിച്ചുകൊണ്ടുവരാനാകില്ലെന്ന കേന്ദ്ര സർക്കാറിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

കേസ് നാല് ആഴ്ചക്ക് ശേഷം പരിഗണിക്കാമെന്ന‌് കോടതി പറഞ്ഞു. കേന്ദ്രത്തിനോട് നാലാഴ്ചക്കകം സ്ഥിതി എന്താണെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇപ്പോൾ യാത്ര അനുവദിച്ചാൽ അത് സർക്കാർ നടപ്പാക്കുന്ന യാത്രാവിലക്കിന് എതിരാകുമെന്നും കൊണ്ടുവരാനാകില്ലെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്.

ഗൾഫിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ഇറാനിലും അടക്കം വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇറാനിൽ കുടുങ്ങിയ മത്സ്യ തൊഴിലാളിയുടെ ഭാര്യ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ആദ്യം വാദം തുടങ്ങിയത്. ഇറാനിൽ 6000 മത്സ്യ തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി. ഈ കേസിൽ മറുപടി സത്യവാങ്മൂലം നൽകാൻ അനുമതി വേണമെന്ന് തുഷാർമേത്ത കോടതിയോട് ആവശ്യപ്പെട്ടു.

യുകെയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും കോടതി പരിഗണിച്ചു. ഇതിന് കേന്ദ്രസർക്കാർ ഇടപെടുന്നുണ്ടെന്നും യുകെയിൽ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും കേന്ദ്രസർക്കാർ മറുപടി നൽകി. സുരക്ഷിതരാണെങ്കിൽ പിന്നെ എന്തിനാണ് വരുന്നതെന്ന് ജസ്റ്റിസ് നാഗേശ്വർ റാവു ചോദിച്ചു. സുരക്ഷിതരാണെങ്കിൽ എവിടെയാണോ ഉള്ളത്, അവിടെ തുടരണമെന്ന് കോടതി പറഞ്ഞു.

പ്രവാസികളെ തിരിച്ചെത്തിക്കണമെന്നും രോഗം ബാധിച്ചവർക്ക് ചികിത്സയും ഭക്ഷണവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 

  

You might also like

  • Lulu Exchange
  • Straight Forward

Most Viewed