രജനികാന്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണെന്ന് റിപ്പോർട്ട്. ഒരു ഇമോഷണൽ ത്രില്ലറായി ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഉലക നായകൻ കമൽ ഹാസനാണ് എന്നും സൂചനകളുണ്ട്. രജനികാന്ത് ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികള്‍ ലോകേഷ് കനകരാജ് ആരംഭിച്ചിരിക്കുന്നുവെനാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണമാരംഭിക്കാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നതെന്നും വാർത്തകളുണ്ട്.
മാനഗരം, കൈദി എന്നീ സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്ത ലോകേഷ് കനകരാജ് ഒരുക്കിയ പുതിയ ചിത്രം ദളപതി വിജയ് നായകനായി എത്തുന്ന മാസ്റ്റർ ആണ്. ഏപ്രിൽ ഒൻപതിന് റിലീസ് ചെയ്യാനിരുന്ന ഈ ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുകയാണ്. ഇതിലെ പാട്ടുകൾ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. വിജയ്‌യോടൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും അഭിനയിക്കുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ദർബാർ ആയിരുന്നു രജനികാന്തിന്റെ മുൻ റിലീസ്. വലിയ പ്രതീക്ഷയോടെ വന്ന ചിത്രത്തിന് വേണ്ടത്ര വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല. വിശ്വാസം എന്ന ബ്ലോക്ക്ബസ്റ്റർ അജിത് ചിത്രത്തിന് ശേഷം ശിവ ഒരുക്കുന്ന രജനികാന്ത് ചിത്രത്തിൽ അതുകൊണ്ടു തന്നെ പ്രതീക്ഷകളുടെ ഭാരം കൂടുതലുണ്ട്.