രാജ്യത്തെ പുതിയ കൊവിഡ് ഹോട്സ്പോട്ടായി ഇൻഡോർ

ഇൻഡോർ: രാജ്യത്തെ പുതിയ കൊവിഡ് ഹോട്സ്പോട്ടായി ഇൻഡോർ. കൊറോണ വൈറസ് രോഗ ബാധ മൂലമുള്ള സംസ്ഥാനത്തെ 36 മരണങ്ങളിൽ 27 എണ്ണവും ഇൻഡോറിലാണ് സംഭവിച്ചത്. ദേശീയ ശരാശരിയേക്കാൾ മൂന്നു മടങ്ങ് കൂടുതലാണ് ഇൻഡോറിലെ മരണ നിരക്ക്. സംസ്ഥാനത്തെ ആകെ 451 കേസുകളിൽ ഭൂരിപക്ഷവും റിപ്പോർട്ട് ചെയ്തതും ഇൻഡോറിലാണ്. തുടർച്ചയായി മൂന്നാം തവണയും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി കേന്ദ്രസർക്കാരിന്‍റെ ശുചിത്വ സർവേയിൽ സ്ഥാനം നേടിയ നഗരത്തിലാണ് ഇത് സംഭവിച്ചതെന്നാണ് വിരോധാഭാസം.
ഇൻഡോറിൽ രണ്ട് ഡോക്ടർമാർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. വെള്ളിയാഴ്ച അറുപത്തിയഞ്ചുകാരനായ ആയുർവേദ ഡോക്ടർ മരിച്ചു. ഇയാള്‍ തന്‍റെ ക്ലിനിക്കില്‍ കൊവിഡ് രോഗികളെ ചികിത്സിച്ചതായി സംശയം ഉയർന്നിട്ടുണ്ട്. ജില്ലാ ആയുഷ് ഓഫീസറായി ഒന്നര വർഷം മുന്പ് ഇദ്ദേഹം സർക്കാർ സർവ്‍വീസിൽ നിന്നും വിരമിച്ചിരുന്നു. തുടർന്ന് സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു.