ഒമര്‍ അബ്ദുള്ളയുടെ മോചനം; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്


ന്യൂഡല്‍ഹി: ജമ്മു കാഷ്മീർ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലിലാക്കിയതിനെതിരെ സഹോദരി സാറാ അബ്ദുള്ള പൈലറ്റ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും കാഷ്മീർ‌ ഭരണകൂടത്തിനും നോട്ടീസയച്ചു. ഹര്‍ജി മാര്‍ച്ച് രണ്ടിനാകും ഇനി പരിഗണിക്കുക. ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സാറാ അബ്ദുള്ളയ്ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. ഹര്‍ജി മാര്‍ച്ച് രണ്ടിലേക്ക് നീട്ടിവച്ചതിനെതിരെ കപില്‍ സിബല്‍ എതിര്‍വാദം ഉന്നയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. ഒരു സഹോദരിക്ക് ഇത്രയും കാലം കാത്തിരിക്കാമെങ്കില്‍ പതിനഞ്ച് ദിവസം എന്ന കണക്കിൽ ഒരു മാറ്റവും വരുത്തില്ലെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര നിരീക്ഷിച്ചു. ജമ്മു കാഷ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതു മുതൽ കരുതൽ തടങ്കലിൽ കഴിയുന്ന ഒമര്‍ അബ്ദുള്ളയുടെ ചിത്രം ഈയിടെ പുറത്ത് വന്നിരുന്നു. ഇത് വൈറലാവുകയും ചെയ്തിരുന്നു. ഒമറിനു പുറമേ മുന്‍ മുഖ്യമന്ത്രിമാരായ ഫറൂക്ക് അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയവരും ഓഗസ്റ്റ് മാസം മുതൽ വീട്ടുതടങ്കലിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed