2020 ജനുവരി ഒന്നിന് 67,000 പിറവികൾ; പുതുവർഷത്തിൽ ഇന്ത്യയ്ക്ക് റിക്കാർഡ്

ന്യൂഡൽഹി: പുതുവർഷത്തിൽ ഇന്ത്യയെ തേടി ഒരു അപൂർവ റിക്കാർഡ് എത്തി. 2020 ജനുവരി ഒന്നിന് ഏറ്റവും അധികം കുഞ്ഞുങ്ങൾ ജനിച്ചത് ഇന്ത്യയിലാണ്. 67,385 കുഞ്ഞുമക്കളാണ് ഇന്ത്യൻ മണ്ണിലേക്ക് പുതുവർഷദിനത്തിൽ പിറന്നുവീണത്. അയൽക്കാരായ ചൈനയാണ് ജനനത്തിൽ രണ്ടാം സ്ഥാനം നേടിയത്. ഇവിടെ 46,299 കുഞ്ഞുങ്ങൾ ജനിച്ചു. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ 26,039 കുഞ്ഞുങ്ങളും അയൽക്കാരായ പാക്കിസ്ഥാനിൽ 16,787 കുട്ടികളും പിറന്നു. ഇന്തോനേഷ്യയിൽ 13,020 കൂട്ടികൾ ജനിച്ചപ്പോൾ അമേരിക്കയിൽ പിറന്നത് 10,452 കുഞ്ഞുമക്കളാണ്. യുണിസെഫിന്‍റെ കണക്കുകൾ പ്രകാരം പുതുവർഷത്തിൽ പിറന്ന 17 ശതമാനം കുട്ടികളും ഇന്ത്യയിലാണ്. 3,92,078 കൂട്ടികളാണ് പുതുവർഷത്തിൽ ലോകത്ത് പിറന്നത്. ഫിജിയിലാണ് ഈ വർഷത്തെ ആദ്യ കുഞ്ഞ് പിറന്നത്.