യൂത്ത് കോൺഗ്രസ്: സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ, ശബരീനാഥൻ വൈസ് പ്രസിഡണ്ട്

കൊച്ചി: സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളിൽ തീരുമാനമായെങ്കിലും മറ്റു സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ ഭാരവാഹികളുടെയും കാര്യത്തിൽ തീരുമാനം എടുക്കാനാവാതെ കോൺഗ്രസ് സംസ്ഥാന നേതൃത്വം. നേതൃസ്ഥാനത്തിന് അവകാശമുന്നയിച്ച് സമുദായ സംഘടനകൾ രംഗത്ത് എത്തിയതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. വോട്ടെടുപ്പു വേണമെന്ന ദേശീയ നേതൃത്വത്തിന്റെ ആവശ്യം സമവായത്തിലൂടെ മറികടന്നാണ് സംസ്ഥാന പ്രസിഡണ്ടായി ഷാഫി പറമ്പിൽ എം.എൽ.എയെയും വൈസ് പ്രസിഡണ്ടായി കെ.എസ്. ശബരീനാഥൻ എം.എൽ.എയെയും നിയമിക്കാൻ കോൺഗ്രസിന്റെ നേതൃതലത്തിൽ ധാരണയായത്. ദേശീയ നേതൃത്വം ടാലന്റ് ഹണ്ടിലൂടെയാണ് സംസ്ഥാന ഭാരവാഹികളെയും ജില്ലാ ഭാരവാഹികളെയും തീരുമാനിച്ച് പട്ടിക തയാറാക്കിയത്. ഈ പട്ടികയിൽ നിന്ന് പുതിയ ഭാരവാഹികളെ തീരുമാനിക്കാനുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് സാമുദായിക നേതാക്കളുടെ പിന്തുണയിൽ ചിലർ നേതൃസ്ഥാനത്തെത്താൻ ശ്രമിക്കുന്നത് എന്നാണ് ആരോപണം.