സന്ദീപ് വാര്യരെ തള്ളി എം.ടി രമേശ്: അഭിപ്രായം വ്യക്തിപരം

കോഴിക്കോട്: പൗരത്വ ഭേഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ യുവമോർച്ച നേതാവ് സന്ദീപ് വാര്യർ നടത്തിയ പ്രതികരണം വ്യക്തിപരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന സമീപനം ബിജെപിക്ക് ഇല്ലെന്നാണ് എം.ടി രമേശിന്‍റെ പ്രതികരണം. ഫേസ്ബുക്കിൽ കുറിക്കുന്നത് വ്യക്തിപരമായ നിലപാടാണ്, പാർട്ടി നിലപാടല്ലെന്ന് എം.ടി രമേശ് കോഴിക്കോട് വിശദീകരിച്ചു.
സന്ദീപ് വാര്യർ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയതായി അറിയില്ല. വിവിധ വിഷയങ്ങളിലുള്ള അഭിപ്രായം എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ വരുന്നത്. പ്രതിഷേധിക്കുന്നവരോട് ബിജെപിക്ക് വൈര്യനിരാതന ബുദ്ധി ഇല്ല. സർക്കാർ അധികാരത്തിൽ വന്ന ശേഷം വലിയ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. അവരോടൊന്നും പകപോക്കുന്ന സമീപനം ബിജെപിക്ക് ഇല്ലെന്നും എം.ടി രമേശ് പറഞ്ഞു.