അയോധ്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം

ന്യൂഡല്‍ഹി: അയോധ്യ നഗരത്തില്‍ ഭീകരവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. ഇതേത്തുടർന്ന്, ഉത്തര്‍പ്രദേശില്‍ പോലീസ് സുരക്ഷ ശക്തമാക്കി. അയോധ്യയിലെ വിവിധയിടങ്ങളില്‍ ജെയ്‌ഷെ മുഹമ്മദ്തലവന്‍ മസൂദ് അസ്ഹര്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ടെലഗ്രാമിലൂടെയാണ് മസൂദ് അസ്ഹര്‍ ആക്രമണ സന്ദേശം നല്‍കിയതെന്നും ഇന്ത്യന്‍ മണ്ണില്‍ ഞെട്ടിപ്പിക്കുന്ന ആക്രമണം നടത്തണമെന്നുമാണ് ആഹ്വാനം. കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് നേപ്പാള്‍ അതിര്‍ത്തിയിലൂടെ പാകിസ്ഥാനില്‍ നിന്ന് ഏഴോളം ഭീകരര്‍ നുഴഞ്ഞു കയറിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുര്‍, അയോധ്യ എന്നിവിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നും അവരെ ഇതുവരെ കണ്ടെത്താനായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ ചുവടുപിടിച്ചാണ് ഭീകരാക്രമണ സാധ്യത സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചത്.