ഫാത്തിമ കേസ്: ആഭ്യന്തര അന്വേഷണം ഉടനില്ലെന്ന് മദ്രാസ് ഐ.ഐ.ടി


ചെന്നൈ: മലയാളി വിദ്യാർഥിനി ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം ഉടനില്ലെന്ന് മദ്രാസ് ഐഐടി. ഈ ആവശ്യം ഉന്നയിച്ച് നിരാഹാര സമരം നടത്തിയ വിദ്യാർത്ഥി കൂട്ടായ്മ ‘ചിന്താബാറു’മായി നടത്തിയ സമവായ ചർച്ചയിലാണ് നിലപാട് അറിയിച്ചത്. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പഠിക്കാൻ പുറത്തുനിന്നുള്ള വിദഗ്ധ സമിതിയെ നിയമിക്കുക, എല്ലാ വകുപ്പുകളിലും പ്രത്യേക പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഡയറക്ടർ അംഗീകരിച്ചു. പ്രധാന ആവശ്യം തള്ളിയ സാഹചര്യത്തിൽ സമരവുമായി മുന്നോട്ടുപോകുന്നതു ചർച്ചയ്ക്കു ശേഷം തീരുമാനിക്കുമെന്ന് വിദ്യാർഥികൾ അറിയിച്ചു.
ഇതിനിടെ, കുടുംബാംഗങ്ങളിൽ നിന്നു മൊഴിയെടുക്കാൻ തമിഴ്നാട് സെൻട്രൽ ക്രൈംബ്രാഞ്ച് നാളെയോ മറ്റെന്നാളോ കൊല്ലത്തെത്തും. ഫാത്തിമ ഉപയോഗിച്ചിരുന്ന ലാപ്ടോപ്, ഐപാഡ് എന്നിവ കൈമാറാൻ ആവശ്യപ്പെട്ടേക്കും. മൊഴിയെടുത്ത ശേഷം ആരോപണ വിധേയരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണു സൂചന. അദ്ധ്യാപകരായ സുദർശൻ പദ്മനാഭൻ, ഹേമചന്ദ്രൻ ഖര, മിലിന്ദ് ബ്രഹ്മെ എന്നിവരെ തുടർച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. ചെന്നൈയിലുള്ള സഹപാഠികളിൽ നിന്നു ഇന്നലെയും മൊഴി എടുത്തതായാണു വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed