പരോള്‍ കാലാവധി പൂര്‍ത്തിയാക്കി രാജീവ് ഗാന്ധി വധക്കേസ് പ്രതി വീണ്ടും ജയിലിലേയ്ക്ക്

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനി വീണ്ടും ജയിലിലേയ്ക്ക്. പരോള്‍ കാലാവധിയായ 51 ദിവസം പൂര്‍ത്തിയാക്കിയാണ് നളിനി ജയിലിലേയ്ക്ക് വീണ്ടും എത്തിയിരിക്കുന്നത്. ഒക്‌ടോബര്‍ 15 വരെ പരോള്‍ നീട്ടണമെന്ന നളിനിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 30 ദിവസത്തെ പരോളാണ് മന്രാസ് ഹൈക്കോടതി നളിനിക്ക് ആദ്യം നല്‍കിയത്. ഇതുപ്രകാരം ജൂലൈ 25 ന് പുറത്തിറങ്ങി. കര്‍ശന ഉപാധികളോടെ ആയിരുന്നു പരോള്‍. പിന്നീട് നളിനിയുടെ അപേക്ഷ പരിഗണിച്ച് മൂന്നാമത് ഒരാഴ്ചകൂടി പരോള്‍ നീട്ടി നല്‍കുകയായിരുന്നു.
മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ വധിച്ച കേസില്‍ നളിനി ഉള്‍പ്പെടെ ആറുപേരാണ് ജീവപര്യന്തം തടവുശിക്ഷയുമായി ജയിലില്‍ കഴിയുന്നത്. എന്നാല്‍, ശിക്ഷ അനന്തമായി നീണ്ടതോടെ പ്രതികളുടെ ഹര്‍ജി പരിഗണിച്ച് വധശിക്ഷ റദ്ദാക്കി ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. 1991 മേയ് 21 ന് തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കിടെ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തിയാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.