ബി.ജെ.പിക്ക് തിരിച്ചടി; കേന്ദ്ര മന്ത്രിയെ തടഞ്ഞ വിഷയത്തിൽ എസ്പി യതീഷ് ചന്ദ്രക്കെതിരെ നടപടിയില്ല

ന്യൂഡൽഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയായിരുന്ന പൊന്‍ രാധാകൃഷ്ണനെ നിലയ്ക്കലിൽ തടഞ്ഞെന്ന ആരോപണത്തില്‍ എസ്‍.പി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ നൽകിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പരാതി തള്ളിയതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷം വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോഴാണ് യതീഷ് ചന്ദ്രക്കെതിരായ കേസ് തള്ളിയ കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. ശബരിമലയിലേക്ക് എത്തിയ കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണന്‍റെ അകമ്പടി വാഹനങ്ങൾ നിലക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടാൻ കഴിയില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്ര നിലപാടെടുത്തതും തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കങ്ങളുമായിരുന്നു പരാതിക്ക് അടിസ്ഥാനം.