ഹോര്‍ഡിങ് അടര്‍ന്നുവീണ് സ്‌കൂട്ടര്‍ യാത്രിക മരിച്ചു; വ്യാപക പ്രതിഷേധം

ചെന്നൈ: ചെന്നൈയിൽ എഐഎഡിഎംകെയുടെ ഹോർഡിങ് ഇളകി വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ ഐടി ഉദ്യോഗസ്ഥയായ യുവതി മരിച്ചു.സംഭവത് തിൽ വ്യാപക പ്രതിഷേധം. റോഡിലെ ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഹോർഡിങ് പതിച്ച് ശുഭശ്രീ(23)യാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശുഭശ്രീ. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ശുഭശ്രീയുടെ മുകളിലേക്ക് ഹോർഡിങ് മറിഞ്ഞു വീഴുകയായിരുന്നു. വാഹനത്തോടൊപ്പം റോഡിൽ വീണ ശുഭശ്രീയുടെ മുകളിലൂടെ പിന്നാലെ വന്ന ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ശുഭശ്രീ മരിച്ചിരുന്നു. ക്രോംപെട്ട് സ്വദേശിനിയാണ്.
തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർശെൽവം, മുൻ മുഖ്യമന്ത്രി ജയലളിത തുടങ്ങിയവരുടെ ചിത്രങ്ങൾ നിരയായി സ്ഥാപിച്ച ഹോർഡിങ്ങുകളിലുണ്ട്. അനധികൃതമായാണ് ഇവ സ്ഥാപിച്ചതെന്നാണ് വിവരം. എഐഎഡിഎംകെയുടെ പ്രാദേശികനേതാവ് സി ജയഗോപാൽ കുടുംബത്തിലെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചാണ് ഹോർഡിങ്ങുകൾ സ്ഥാപിച്ചത്. മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾ വിവാഹത്തിനെത്തുന്നത് മുൻനിർത്തിയാണ് ഹോർഡിങ്ങുകൾ സ്ഥാപിച്ചത്.
ഡിവൈഡറിൽ സ്ഥാപിച്ച ഹോർഡിങ്ങുകൾ
സംഭവത്തെ തുടർന്ന് ടാങ്കർലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും ഇയാൾക്കെതിരെ കേസെടുത്തു. ഹോർഡിങ് നിർമിച്ചു നൽകിയ പ്രസ് താൽക്കാലികമായി സീൽ ചെയ്തിട്ടുണ്ട്. എന്നാൽ പ്രാദേശികനേതാവിനെതിരെ ഇതു വരെ കേസെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.