പേരാമ്പ്രയിലെ പെൺകുട്ടിയുടെ മരണം; ഷിഗെല്ല വൈറസ് ബാധയാണോ എന്ന് സംശയം


കോഴിക്കോട് : പേരാമ്പ്രയിലെ പതിനാലുകാരിയുടെ മരണം ഷിഗെല്ല വൈറസ് ബാധിച്ചെന്ന് സംശയം. പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഞായറാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനി സനുഷ മരിച്ചത്.
ശക്തമായ വയറിളക്കത്തെയും ഛർദ്ദിയെയും തുടർന്ന് സനുഷയെ ഒരാഴ്ച മുമ്പ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർച്ഛിച്ചതോടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടും പോകുംവഴിയാണ് സനുഷ മരണപ്പെട്ടത്. പിന്നീട് രോഗം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരുന്നു. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. 
ഇതിന് പിന്നാലെയാണ് കുട്ടിയുടെ മുത്തച്ഛനെയും സഹോദരിയെയും സമാനരോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേത്തുടർന്ന് കുട്ടിയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് കേരളത്തിന് പുറത്തുള്ള വിദഗ്ധ ലാബുകളിലേക്ക് അയച്ചു. എന്നാൽ, പരിശോധനാഫലം ലഭിക്കാൻ വൈകുമെന്നാണ് അധികൃതർ പറയുന്നത്. 74 മണിക്കൂർ മുതൽ ഏഴ്  ദിവസം വരെ കാലതാമസം എടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഷിഗെല്ല വൈറസ് ബാധയാണോ എന്ന് ഉറപ്പിക്കാനാകുകയുള്ളുവെന്നും ഡോക്ടർമാർ അറിയിച്ചു. 

അതേസമയം, ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് സമാനമായ രോഗലക്ഷണങ്ങൾ കണ്ടെതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകി. കുട്ടിയുടെ വീട്ടിലെ കിണറ്റിലെ വെള്ളം കോഴിക്കോട് റീജിയണൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലവും ലഭിക്കേണ്ടതുണ്ട്. പ്രദേശത്തെ മറ്റ് വീടുകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed